താനൂർ ബോട്ട് ദുരന്തം; തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്

താനൂർ ബോട്ട് ദുരന്തം; തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ അറസ്റ്റിലായ രണ്ട് ഉദ്യോ​ഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. പോർട്ട് ഓഫീസ് ജീവനക്കാരായ ബേപ്പൂർ പോർട് കൺസർവേറ്റർ പ്രസാദ് , സർവേയർ സെബാസ്റ്റ്യൻ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ട ബോട്ടിന് സർവീസ് നടത്താൻ സഹായം ചെയ്തുവെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടി.

അപകടത്തിൽപ്പെട്ട അറ്റ്‌ലാൻറിക് ബോട്ടുമായി ബന്ധപ്പെട്ട രേഖകൾ ബേപ്പൂർ, ആലപ്പുഴ തുറമുഖ ഓഫീസുകളിൽ നിന്ന് നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തിയത്. ബോട്ടിന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ പരാതി ലഭിച്ചിട്ടും ഇക്കാര്യം മറച്ചുവെച്ച് ബോട്ടിന് സർവീസ് അനുമതി നൽകി. പരാതി ലഭിച്ചെന്നതും റിപ്പോർട്ടിൽ രേഖപ്പെടുത്തിയില്ല തുടങ്ങിയവയാണ് പോർട്ട് ഓഫീസ് കൺസർവേറ്റർ ആയ പ്രസാദിനെതിരെയുള്ള കണ്ടെത്തൽ. പോർട്ട് ഓഫീസ് സർവേയർ സെബാസ്റ്റിയനും ബോട്ട് ഉടമക്ക് സഹായം നൽകി.

മത്സ്യ ബന്ധന ബോട്ടാണ് ഉല്ലാസ ബോട്ടാക്കി മാറ്റുന്നതെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നിട്ടും മറച്ചു വെച്ചു. അനധികൃത യാർഡിൽ ബോട്ട് രൂപ മാറ്റം വരുത്തുന്നത് അറിഞ്ഞിട്ടും നടപടിയെടുത്തില്ല. ഫിറ്റ്‌നസ് പരിശോധനകളിലും ബോട്ട് ഉടമക്ക് വഴിവിട്ട സഹായം ലഭിച്ചു തുടങ്ങിയ കണ്ടെത്തലുകളാണ് രണ്ട് ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്ക് നയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.