ബിപോര്‍ജോയ് തീരത്തേക്ക് അടുക്കുന്നു: ശക്തമായ കാറ്റില്‍ നാല് മരണം; അതീവ ജാഗ്രതാ നിര്‍ദേശം

ബിപോര്‍ജോയ് തീരത്തേക്ക് അടുക്കുന്നു: ശക്തമായ കാറ്റില്‍ നാല് മരണം; അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തോടുക്കുന്നു. സൗരാഷ്ട്ര- കച്ച് മേഖലയിലെ ശക്തമായ കാറ്റിലും മഴയിലും മരം വീണും വീട് തകര്‍ന്നും രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. നാളെ വൈകിട്ടോടെ ജഖൗ തീരത്ത് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

മുന്നറിയിപ്പിനെ തുടര്‍ന്ന് സൗരാഷ്ട്ര, കച്ച് മേഖലകളിലെല്ലാം അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സൗരാഷ്ട്ര-കച്ച് മേഖലയില്‍ പലയിടത്തും ശക്തമായ കാറ്റും മഴയുമാണ്. പോര്‍ബന്തര്‍, ദ്വാരക തുടങ്ങിയ ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പുണ്ട്.

തീരദേശത്തെ എട്ട് ജില്ലകളില്‍ നിന്നായി മുപ്പത്തേഴായിരത്തിലേറെ പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. പ്രദേശത്തെ ബീച്ചുകളും തുറമുഖങ്ങളുമെല്ലാം അടച്ചു. 69 ട്രെയിനുകള്‍ റദ്ദാക്കി. നാളെ കച്ച് - കറാച്ചി തീരത്തിന് മധ്യേ കരതൊടുന്ന ചുഴലിക്കാറ്റിന് 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണില്‍ സംസാരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശിച്ചു. ബിപോര്‍ജോയുടെ പ്രഭാവം തെക്ക്-പടിഞ്ഞാറന്‍ രാജസ്ഥാനിലും അനുഭവപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ആശങ്ക കണക്കിലെടുത്ത് കറാച്ചി തീരത്ത് നിന്നും ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.