പ്രബലപ്പെടുന്ന ജനക്കൂട്ടാധിപത്യവും മരിക്കുന്ന ജനാധിപത്യവും

പ്രബലപ്പെടുന്ന ജനക്കൂട്ടാധിപത്യവും മരിക്കുന്ന ജനാധിപത്യവും

കൊച്ചി: ഒടുവിൽ, സിസ്റ്റർ ബിബയ്ക്കും അമ്മയ്ക്കും മറ്റു നാലു പേർക്കും ജാമ്യം ലഭിച്ചു. അറസ്റ്റിലായി ഏഴു ദിവസങ്ങൾക്കു ശേഷമാണ് അവർക്കു ജാമ്യം ലഭിച്ചത്. അവർ അറസ്റ്റിലായത് എന്തിനെന്നറിയണ്ടേ? ഡോട്ടേഴ്സ് ഓഫ് സെന്റ്‌ ആന്‍ സന്യാസ സമൂഹത്തിൽ സന്യാസാർത്ഥിനിയായി ചേർന്ന ബിബ കെര്‍ക്കെട്ട വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം 2022 ഡിസംബർ എട്ടിന് വ്രതവാഗ്ദാനം ചെയ്ത് സന്യാസ വസ്ത്രം സ്വീകരിച്ചിരുന്നു. ആറു മാസങ്ങള്‍ക്കു ശേഷം നാട്ടിലെത്തിയ സിസ്റ്റർ തൻ്റെ കുടുംബത്തോടും ബന്ധുമിത്രാദികളോടും കൂടെ ദൈവത്തിനു കൃതജ്ഞതാബലി അർപ്പിക്കാൻ ആഗ്രഹിച്ചു. അങ്ങനെ ദിവ്യബലി അർപ്പിക്കാനായി അവർ കത്തോലിക്കാ ദേവാലയത്തിൽ ഒത്തുകൂടിയതിനായിരുന്നു അറസ്റ്റ്!

സംഭവം ഇങ്ങനെ

ജൂൺ ആറ് വൈകീട്ട് ആറിനായിരുന്നു വിശുദ്ധ കുര്‍ബാന. ഇതിനിടെ പള്ളിയിലേക്ക് അതിക്രമിച്ചു കയറിയ ഹിന്ദുത്വ വാദികള്‍ അവിടെ രോഗ ശാന്തിയും മറ്റ് മതങ്ങളുടെ അവഹേളനവുമാണ് നടക്കുന്നതെന്ന് ആക്രോശിക്കുകയും വ്യാജാരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. നിങ്ങള്‍ എന്തിനാണ് ക്രിസ്ത്യാനിയായതെന്ന്‍ ചോദിച്ചു കൊണ്ട് അവർ സിസ്റ്ററിന്റെ ജപമാല പിടിച്ചെടുക്കുകയും ബൈബിള്‍ കീറിക്കളയുകയും സിസ്റ്ററിന്റെ അമ്മയുടെ ചെകിട്ടത്ത് അടിക്കുകയും ചെയ്തു. ഇതിനു പിന്നാലെ, യാഥാര്‍ത്ഥ്യം എന്തെന്ന് അന്വേഷിക്കുകപോലും ചെയ്യാതെ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ നയിക്കുന്ന കോൺഗ്രസ്സ്സർക്കാറിൻ്റെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരിന്നു.

കാവിയായിത്തീർന്ന കൈപ്പത്തി

ഹിന്ദുത്വവാദികളുടെ ചട്ടുകമായി അവിടത്തെ കോൺഗ്രസ്സ് സർക്കാർ മാറിക്കഴിഞ്ഞിരിക്കുന്നു എന്നത് ലോകം മുഴുവൻ ഇക്കഴിഞ്ഞ ക്രിസ്മസ്സ് കാലത്ത് കണ്ടതാണ്. 2022 ഡിസംബറിൽ ആരംഭിച്ച, മാസങ്ങൾ നീണ്ട ഭീകരമായ ക്രൈസ്തവ പീഡനം നേരിട്ടു മനസ്സിലാക്കിയ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കലും ഫാ. ജോൺസൺ തേക്കടയിലും കണ്ണീരോടെ പറയുന്നതു കാണുക:

https://youtu.be/N0g7yvniAtg

ചത്തീസ്ഗഡില്‍ ഗോത്ര വര്‍ഗക്കാര്‍ക്കിടയിലെ ക്രൈസ്തവരെ ഹിന്ദു മതത്തിലേക്കു തിരികെയെത്തിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് വിഎച്ച്പി. ബസ്താര്‍ ലോകസഭ എംപിയായ ദിനേഷ് കശ്യപ് പ്രാദേശിക ഗോത്ര നേതാക്കളുടെ കാലുകള്‍ കഴുകിയത് എല്ലാവരെയും ഹിന്ദു മതത്തിലേക്ക് തിരികെയെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നത്രേ! ഛത്തീസ്ഗഡില്‍ 2021-ഓടെ എല്ലാ ക്രൈസ്തവരെയും വീണ്ടും ഹിന്ദുക്കളാക്കി മാറ്റും എന്ന് 2015-ല്‍ പ്രതിജ്ഞയെടുത്ത ധരം ജാഗ്രണ്‍ മഞ്ച് ആ പ്രതിജ്ഞയില്‍ പൂര്‍ണ വിജയം നേടിയില്ല. അതിനാൽ, പൂർവാധികം ശക്തിയോടെ ഇപ്പോൾ വർഗീയ ഭ്രാന്തന്മാർ അഴിഞ്ഞാടുകയാണ്.

ഇതാണ് മോദിയുടെ ഇന്ത്യ!

ഇത് ഉത്തര കൊറിയയിലോ ചൈനയിലോ അല്ല നടക്കുന്നത്, മോദിയുടെ ഇന്ത്യയിലാണ്! ആൾക്കൂട്ടാക്രമണവും അതെത്തുടർന്നുള്ള അറസ്റ്റും ഇന്ത്യയിൽ തികച്ചും സ്വാഭാവികമായിത്തീർന്നിരിക്കുകയാണ്. ആദ്യം കോൺഗ്രസ്സ് പാർട്ടിയും, പിന്നീട് BJPയും തട്ടിക്കൂട്ടിയുണ്ടാക്കിയ മത പരിവർത്തന നിരോധന നിയമം ഭാരത ക്രൈസ്തവർക്കെതിരേ എങ്ങനെയെല്ലാം ദുരുപയോഗിക്കപ്പെടുന്നു എന്നതിൻ്റെ ഒടുവിലത്തെ തെളിവാണ് ഛത്തീസ്ഗഡിലെ ജാഷ്പൂരില്‍ അരങ്ങേറിയ ഈ സംഭവം. കോൺഗ്രസ്സ് പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ഹിന്ദുത്വ ശക്തികൾ പൂണ്ടു വിളയാടുകയും പോലീസ് അവരുടെ പാദ സേവകരായിത്തീരുകയും ചെയ്യുന്ന അവസ്ഥ എത്ര ഭയാനകമാണ്!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26