ബിപോര്‍ജോയ് കര തൊട്ടു: ഗുജറാത്തില്‍ കനത്ത കാറ്റും മഴയും; അതീവ ജാഗ്രതാ നിര്‍ദേശം

ബിപോര്‍ജോയ് കര തൊട്ടു: ഗുജറാത്തില്‍ കനത്ത കാറ്റും മഴയും; അതീവ ജാഗ്രതാ നിര്‍ദേശം

അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് കരതൊട്ടു. ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര മേഖലയിലാണ് കാറ്റ് വീശുന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇവിടെ നിന്ന് ഒരു ലക്ഷത്തോളം ആളുകളെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറ്റി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കാറ്റ് അര്‍ധ രാത്രി വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. അര്‍ധ രാത്രിയോടെ കാറ്റ് പൂര്‍ണമായി കരയിലെത്തും. കച്ച്, സൗരാഷ്ട്ര, ദ്വാരക മേഖലകളില്‍ കാറ്റിന്റെ വേഗം 115-125 കിലോമീറ്ററാണ്.

സംസ്ഥാനത്ത് 76 അഭയാര്‍ത്ഥി കേന്ദ്രങ്ങളാണ് ആരംഭിച്ചത്. ഇതില്‍ 25 എണ്ണം ജുനഗഡിലും 29 എണ്ണം സോമനാഥ് ഗിറിലുമാണ്. ബറൂച്ചില്‍ അഞ്ചും പോര്‍ബന്തര്‍, ദേവഭൂമി ദ്വാരക, കച്ച് എന്നിവിടങ്ങളില്‍ നാല് വീതവും അമ്രേലിയില്‍ രണ്ട്, ജാംനഗറിലും നവസാരിയിലും അഹമ്മദാബാദിലും ഓരോ അഭയാര്‍ത്ഥി കേന്ദ്രങ്ങളുമാണ് ആരംഭിച്ചിട്ടുള്ളത്. പുനരധിവസിപ്പിക്കപ്പെട്ട ആളുകളുടെ ആരോഗ്യം പരിശോധിക്കുന്നതിനായി മെഡിക്കല്‍ സംഘത്തെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാളെ ഉച്ചയോടെ കാറ്റിന്റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ചുഴലിക്കാറ്റ് തീരത്തോട് അടുക്കുമ്പോള്‍ മഴയുടെ തീവ്രത വര്‍ധിക്കും. കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഗുജറാത്തിന്റെ തീര മേഖലയിലുള്ള എട്ട് ജില്ലകളിലെ 120 ഗ്രാമങ്ങളില്‍ കാറ്റ് കനത്ത നാശമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് സൈനിക വിഭാഗങ്ങളും സര്‍വസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമായി മൂന്ന് കപ്പലുകള്‍ നാവികസേന ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.

അതേസമയം ഗുജറാത്തിന്റെ തീരമേഖലയില്‍ വ്യോമ, റെയില്‍, റോഡ് ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.