കര്‍ണാടകയില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം റദ്ദാക്കുന്നു; ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ നിയമങ്ങളും പുനപരിശോധിക്കും

കര്‍ണാടകയില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം റദ്ദാക്കുന്നു; ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ നിയമങ്ങളും പുനപരിശോധിക്കും

വി.ഡി സവര്‍ക്കറെയും കെ.ബി ഹെഡ്‌ഗെവാറെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ സിലബസില്‍ നിന്ന് മാറ്റും. ബിജെപി സര്‍ക്കാര്‍ സ്‌കൂള്‍ സിലബസില്‍ വരുത്തിയ എല്ലാ മാറ്റങ്ങളും നീക്കം ചെയ്യും.

ബംഗളുരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന വിരുദ്ധ നിയമം പിന്‍വലിക്കാനൊരുങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കര്‍ണാടക മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്.

കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ നിയമങ്ങളും പുനപരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ റദ്ദാക്കുമെന്നും കോണ്‍ഗ്രസ് നേരത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മെയില്‍ ആണ് ഓര്‍ഡിനനന്‍സിലൂടെ കര്‍ണാടകയില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ കൊണ്ടുവന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുക എന്ന പേരിലാണ് കര്‍ണാടകയിലെ ക്രിസ്ത്യന്‍ മതബോധന പ്രവര്‍ത്തനങ്ങളെ ലക്ഷ്യമിട്ട് ബിജെപി സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്.

2021 ഡിസംബറിലാണ് നിയമം നിയമസഭയില്‍ അവതരിപ്പിച്ചത്. 2022 മെയ് 17 ന് കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ട് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. നിയമത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരുന്നു. നിയമം മത സ്വാതന്ത്ര്യത്തിനെതിരാണ് എന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകള്‍ കോടതിയില്‍ പോകുകയും ചെയ്തു.

അതേസമയം ആര്‍എസ്എസ് ആചാര്യന്മാരായ വി.ഡി സവര്‍ക്കറെയും കെ.ബി ഹെഡ്‌ഗെവാറെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ സിലബസില്‍ നിന്ന് നീക്കം ചെയ്യാനും കര്‍ണാടക മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ചരിത്ര പുസ്തകത്തില്‍ ഇവരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. ഇതിനൊപ്പം ബിജെപി സര്‍ക്കാര്‍ സ്‌കൂള്‍ സിലബസില്‍ വരുത്തിയ എല്ലാ മാറ്റങ്ങളും നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.