നൂറിലേറെ പേര്‍ മരിച്ചു വീണിട്ടും പ്രധാനമന്ത്രിക്ക് മൗനം; മണിപ്പൂര്‍ കലാപത്തില്‍ മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

നൂറിലേറെ പേര്‍ മരിച്ചു വീണിട്ടും പ്രധാനമന്ത്രിക്ക് മൗനം; മണിപ്പൂര്‍ കലാപത്തില്‍ മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കലാപം തുടങ്ങി 40 ദിവസം പിന്നിട്ടു. നൂറിലേറെ പേര്‍ മരിച്ചു വീണു. എന്നിട്ടും മൗനിയായി തുടരുന്ന പ്രധാനമന്ത്രി പരാജയമാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

ബിജെപിയുടെ വിദ്വേഷ പ്രചാരണമാണ് മണിപ്പൂര്‍ കലാപത്തിന് കാരണം. കലാപം അവസാനിപ്പിക്കാന്‍ സര്‍വകക്ഷി സംഘം ഉടന്‍ മണിപ്പൂരിലേക്ക് പോകണമെന്നും രാഹുല്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

മണിപ്പൂരിലെ സ്ഥിതി അതിരൂക്ഷമാണെന്നും പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ആവശ്യമുന്നയിച്ചിരുന്നു. സമാധാനം പുനസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി സാഹചര്യം വിലയിരുത്തി കാര്യങ്ങള്‍ രാഷ്ട്രപതിയെ ധരിപ്പിച്ചെന്നും ജയ്‌റാം രമേശ് പറഞ്ഞിരുന്നു.

അതേസമയം മണിപ്പൂരില്‍ ഇപ്പോഴും കലാപം തുടരുകയാണ്. മെയ്തേയി വിഭാഗം കൂടുതല്‍ കലാപത്തിന് നീക്കം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ടു തന്നെ മണിപ്പൂരില്‍ സമാധാനം അകലെയാണെന്നും പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്.

അതിനിടെ സംസ്ഥാന വ്യവസായ മന്ത്രി നെംച കിപ്‌ഗെന്റെ വീടിന് ഇന്നലെ പ്രതിഷേധക്കാര്‍ തീവച്ചിരുന്നു. മന്ത്രിസഭയിലെ ഏക വനിത മന്ത്രിയാണ് നെംച കിപ്‌ഗെന്‍. അക്രമികളെ ഒഴിപ്പിക്കാന്‍ സുരക്ഷാസേന നിരവധി തവണ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.

ആക്രമണം നടക്കുമ്പോള്‍ മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. കുക്കി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എ ആണ് നെംച. ഇതാണ് ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.