പുഞ്ചിരി തൂകി വിശ്വാസികള്‍ക്കരികിലേക്ക്; ഫ്രാന്‍സിസ് പാപ്പ ആശുപത്രി വിട്ടു

പുഞ്ചിരി തൂകി വിശ്വാസികള്‍ക്കരികിലേക്ക്; ഫ്രാന്‍സിസ് പാപ്പ ആശുപത്രി വിട്ടു

റോം: ഉദരശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചുവരുന്ന ഫ്രാന്‍സിസ് പാപ്പ റോമിലെ ജെമെല്ലി ആശുപത്രി വിട്ട് വത്തിക്കാനില്‍ തിരിച്ചെത്തി. ഇറ്റലിയിലെ പ്രാദേശിക സമയം രാവിലെ 8:45 ന് ആശുപത്രിയില്‍നിന്ന് വീല്‍ചെയറില്‍ പുറത്തിറങ്ങിയ മാര്‍പ്പാപ്പ പുറത്തുള്ള വിശ്വാസികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വത്തിക്കാനിലേക്കു തിരിച്ചത്.

'ഫ്രാന്‍സിസ് പാപ്പ രാത്രിയില്‍ നന്നായി വിശ്രമിച്ചു. മാര്‍പ്പാപ്പായുടെ ആരോഗ്യനില തൃപ്തികരമാണ്. ഹെമറ്റോകെമിക്കല്‍ പരിശോധനകളുടെ ഫലങ്ങള്‍ സാധാരണ നിലയിലാണെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചു. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് മാര്‍പാപ്പ ജെമെല്ലി ഹോസ്പിറ്റലിലെ അഡ്മിനിസ്‌ട്രേറ്റീവ്, ഹെല്‍ത്ത്, അക്കാദമിക് അധികാരികളെ കാണുകയും നന്ദി അറിയിക്കുകയും ചെയ്തു' - വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി അറിയിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം മുതല്‍, തന്നെ പരിചരിക്കുന്നവരോടൊപ്പം ഇന്നലെ ഉച്ചക്ക് മാര്‍പ്പാപ്പ ഭക്ഷണം കഴിച്ചു. ജൂണ്‍ എഴിനായിരുന്നു പാപ്പ മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

ജൂണ്‍ 15-ന് രാവിലെ ഫ്രാന്‍സിസ് പാപ്പാ ആശുപത്രിയുടെ മേധാവികളെയും ആശുപതിയില്‍ കാന്‍സര്‍ വിഭാഗത്തിലും ന്യൂറോ വിഭാഗത്തിലുമുള്ള കുട്ടികളെയും സന്ദര്‍ശിച്ചതായി വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു.

പത്താം നിലയിലെ തന്റെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് അതിന് അടുത്തു തന്നെയുള്ള പീഡിയാട്രിക് ഓങ്കോളജി വാര്‍ഡിന്റെ ഇടനാഴിയില്‍ പാപ്പാ എത്തി. വീല്‍ചെയറില്‍ വരാന്തയിലൂടെ നീങ്ങിയ പാപ്പായെ ആശുപത്രിയിലെ പ്രവര്‍ത്തകരും കുട്ടികളും കയ്യടിച്ച് സ്വീകരിച്ചു. ആശുപത്രിയിലുണ്ടായിരുന്ന രണ്ട് വയോധിക ദമ്പതികളോട് വരാന്തയില്‍ വച്ച് പാപ്പാ സംസാരിക്കുന്നതിന്റെ ചിത്രം വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തുവിട്ടു. ശസ്ത്രക്രിയക്കു ശേഷമുള്ള പാപ്പായുടെ ചിത്രം ഇതാദ്യമായാണ് വത്തിക്കാന്‍ പുറത്തുവിടുന്നത്.

ഇത് മൂന്നാം തവണയാണ് പാപ്പാ ജെമെല്ലി ആശുപത്രിയിലെത്തിയത്. 2021-ല്‍ ഉദരസംബന്ധിയായ പ്രശ്‌നങ്ങള്‍ക്കും 2023 മാര്‍ച്ചില്‍ ശ്വാസകോശസംബന്ധിയായ അസുഖത്തിനും ചികിത്സ തേടി പാപ്പാ ഇവിടെ എത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.