ബംഗാളില്‍ വ്യാപക അക്രമം: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; കോണ്‍ഗ്രസിനെതിരെ ബന്ധുക്കള്‍

ബംഗാളില്‍ വ്യാപക അക്രമം: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; കോണ്‍ഗ്രസിനെതിരെ ബന്ധുക്കള്‍

കൊല്‍ക്കത്ത: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ വ്യാപക ആക്രമണം. മാള്‍ഡ ജില്ലയിലെ സുജാപൂരിലുണ്ടായ സംഘര്‍ഷത്തില്‍ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മുസ്തഫ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുസ്തഫയെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. കേന്ദ്രമന്ത്രി നിഷിത് പ്രമാണികിനും സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ടുണ്ട്. മുന്‍ പഞ്ചായത്ത് പ്രധാന്‍ ആണ് കൊല്ലപ്പെട്ട മുസ്തഫ. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുസ്തഫ ഷെയ്ഖിന്റെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു.

അതേസമയം സംഘര്‍ഷമുണ്ടായ ഇടങ്ങള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് സന്ദര്‍ശിച്ചു. കാബിനറ്റ് മന്ത്രി സബീന യെസ്മിനും കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം വ്യാപിക്കുകയാണ്.

മുസ്തഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്നും മാള്‍ഡ ജില്ലാ പൊലീസ് സൂപ്രണ്ടില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അടുത്ത മാസം എട്ടിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബംഗാളില്‍ അക്രമം തുടരുന്നത്. സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.