റൊട്ടെര്‍ഡാം (നെതര്‍ലന്‍ഡ്സ്): യുവേഫ നേഷന്‍സ് ലീഗിലെ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി സ്പെയിന്‍. ഫൈനല്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് സ്പെയിന്‍ കിരീടം ചൂടിയത്.
അധിക സമയത്തിന് ശേഷവും മത്സരം ഗോള്‍ രഹിതമായതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇതോടെ ക്രൊയേഷ്യക്ക് തങ്ങളുടെ ആദ്യ അന്താരാഷ്ട്ര കിരീടം എന്ന സ്വപ്നം നഷ്ടമായി. 2012 യൂറോ ചാമ്പ്യന്‍മാരായ ശേഷം ഇപ്പോഴാണ് സ്പെയിന്‍ ഒരു അന്താരാഷ്ട്ര കിരീടം സ്വന്തമാക്കുന്നത്.
മുഴുവന്‍ സമയവും അധിക സമയവും ഗോള്‍ രഹിതമായതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്. ഷൂട്ട് ഔട്ടില്‍ ഇരട്ട സേവുകളുമായി സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനൈ സൈമണ്‍ തിളങ്ങിയതോടെ ക്രോയേഷ്യയുടെ കിരീട സ്വപ്‌നം വീണുടയുകയായിരുന്നു. ലോക ഫുട്‌ബോളില്‍ ഒരു മേജര്‍ കിരീടം നേടുക എന്ന സ്വപ്നം ക്രൊയേഷ്യയില്‍ നിന്നും നായകന്‍ ലൂക്ക മോഡ്രിച്ചില്‍ നിന്നും അകന്നു നിന്നു.
സ്‌പെയിനിനാകട്ടെ മുഖ്യപരിശീലകനായിരുന്ന ലൂയിസ് എന്റിക്കക്ക് പകരം നിയമിതനായ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ കീഴില്‍ നേടുന്ന ആദ്യ കിരീട നേട്ടം കൂടിയാണ് ഇത്. അതും ടീമിനൊപ്പമുള്ള നാലാമത്തെ മാത്രം മത്സരത്തില്‍.
സെമി ഫൈനലില്‍ ഇറ്റലിക്കെതിരെ വിജയം കണ്ടെത്തിയ ടീമില്‍ നിന്നും രണ്ടു മാറ്റങ്ങളുമായാണ് സ്‌പെയിന്‍ ഇന്ന് ഇറങ്ങിയത്. മൈക്ക് മെറിനോക്ക് പകരം ഫേബറിന് റുഗീസും റോഡ്രിഗോക്ക് പകരം അസെന്‍സിയോയും കളിക്കളത്തിലിറങ്ങി. ഒരു മാറ്റമാണ് ക്രോയേഷ്യക്ക് ഉണ്ടായിരുന്നത്. ഡൊമഗോജ് വിദക്ക് പകരമെത്തിയത് മാര്‍ട്ടിന്‍ ഏര്‍ലിച്ച്.
ഇരു ടീമുകളും നിറം മങ്ങിയ ആദ്യ പകുതിയായിരുന്നു മത്സരത്തിന്റേത്. ഒരു ഗോള്‍ നേടാന്‍ ഇരു ടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും വിഫലമായി. 21 ഷോട്ടുകള്‍ തൊടുത്തിട്ടും സ്‌പെയിനിന് ലക്ഷ്യം കാണാന്‍ സാധിക്കാതിരുന്നത് ബോക്‌സിനു മുന്നില്‍ വന്മതില് കെട്ടിയ ക്രൊയേഷ്യയുടെ പ്രതിരോധ നിരയുടെ അസാമാന്യമായ പ്രകടനമായിരുന്നു.
മുഴുവന്‍ സമയത്തും അധിക സമയത്തും സമനില പാലിച്ചതോടെ മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങി. ലോവ്റോ മജര്‍, ബ്രൂണോ പെറ്റ്കോവിച്ച് എന്നിവരുടെ പെനാല്‍റ്റികള്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ തടഞ്ഞിട്ടതാണ് മത്സരത്തില്‍ വഴിത്തിരിവായത്. സ്‌പെയിന്‍ താരം ലപോര്‍ട്ട എടുത്ത പെനാല്‍റ്റി ക്രോസ് ബാറില്‍ തട്ടി നഷ്ടമായി. അവസാന ഷോട്ട് ലക്ഷ്യത്തില്‍ എത്തിച്ച ഡാനിയേല്‍ കാര്‍വാജല്‍ സ്‌പെയിനിനെ വിജയ കിരീടത്തിന് അടുത്തെത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.