ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജില്‍ ബൈഡന്റെയും ക്ഷണപ്രകാരമാണ് അമേരിക്കയിലേക്ക് തിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ പ്രത്യേക ക്ഷണം ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ശക്തിയുടെയും ചൈതന്യത്തിന്റെയും പ്രതിഫലനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദര്‍ശനം ന്യൂയോര്‍ക്കില്‍ ആരംഭിക്കും. ജൂണ്‍ 21 ന് ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് യുഎന്‍ നേതൃത്വത്തിനൊപ്പവും മറ്റ് രാജ്യങ്ങളിലെ അംഗങ്ങള്‍ക്കൊപ്പവും താന്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുമെന്നും അന്താരാഷ്ട്ര യോഗാ ദിനം അംഗീകരിച്ച അതേ സ്ഥലത്ത് ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും നരേന്ദ്ര മോഡി പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്.
യോഗ ദിന പരിപാടികള്‍ക്ക് ശേഷം പ്രസിഡന്റ് ബൈഡനെ സന്ദര്‍ശിക്കും. 2021 സെപ്റ്റംബറില്‍ നടന്ന അവസാന ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം നിരവധി തവണ അദ്ദേഹത്തെ കണ്ടുമുട്ടാന്‍ അവസരം ലഭിച്ചിരുന്നു. ഈ സന്ദര്‍ശനം ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിന്റെ ആഴവും വൈവിധ്യവും സമ്പന്നമാക്കുന്നതിനുള്ള അവസരമായിരിക്കും. ഇന്ത്യ-യുഎസ് ബന്ധം ബഹുമുഖ മേഖലകളിലുടനീളം ശക്തമാണ്. ചരക്കുകളിലും സേവനങ്ങളിലും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
ശാസ്ത്രം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം, സുരക്ഷാ മേഖലകളില്‍ തങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിട്ടിക്കല്‍ ആന്റ് എമര്‍ജിങ് ടെക്‌നോളജീസ് എന്ന സംരംഭം പ്രതിരോധ വ്യാവസായിക സഹകരണം, ബഹിരാകാശം, ടെലികോം, ക്വാണ്ടം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോടെക് തുടങ്ങിയ മേഖലകളില്‍ പുതിയ മാനങ്ങളും വിശാല സഹകരണവും വര്‍ധിപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്തോ-പസഫിക്കിനെക്കുറിച്ച് തങ്ങള്‍ പരസ്പരം പങ്കിട്ട കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇരു രാജ്യങ്ങളും നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. ഉഭയകക്ഷി സഹകരണം ഏകീകരിക്കുന്നതിനും ജി 20, ക്വാഡ്, ഐപിഇഎഫ് തുടങ്ങിയ ബഹുരാഷ്ട്ര ഫോറങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ബൈഡനുമായും മറ്റ് മുതിര്‍ന്ന യുഎസ് നേതാക്കളുമായും താന്‍ നടത്തുന്ന ചര്‍ച്ചകള്‍ അവസരമൊരുക്കും. ബൈഡനും ഡോ. ജില്‍ ബൈഡനും മറ്റ് പ്രമുഖര്‍ക്കൊപ്പവും വിരുന്നില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധത്തിന് യുഎസ് കോണ്‍ഗ്രസ് എപ്പോഴും ശക്തമായ പിന്തുണ നല്‍കിയിട്ടുണ്ട്. സന്ദര്‍ശന വേളയില്‍, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ക്ഷണപ്രകാരം യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ താന്‍ അഭിസംബോധന ചെയ്യും. നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള വിശ്വാസം വളര്‍ത്തിയെടുക്കുന്നതില്‍ ജനങ്ങള്‍ തമ്മിലുള്ള ബന്ധം സഹായകമായിട്ടുണ്ട്. നമ്മുടെ ഏറ്റവും മികച്ച സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന ഊര്‍ജ്ജസ്വലരായ ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റിയെ കാണാന്‍ താന്‍ ആഗ്രഹിക്കുന്നു.
മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം ഉയര്‍ത്തുന്നതിനും ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനുമുള്ള അവസരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചില പ്രമുഖ സിഇഒമാരെയും കാണും. ജനാധിപത്യം, വൈവിധ്യം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യ-അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്താന്‍ ഈ സന്ദര്‍ശനം കൊണ്ട് സാധിക്കുമെന്ന് വിശ്വസിക്കുന്നു. ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് ശക്തമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുടെ ക്ഷണപ്രകാരം താന്‍ കെയ്റോയിലേക്കും പോകും. സൗഹൃദപരമായ ഈ രാജ്യത്തേക്ക് ആദ്യമായി സന്ദര്‍ശനം നടത്തുന്നതില്‍ താന്‍ ആവേശഭരിതനാണ്. ഈ വര്‍ഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രസിഡന്റ് സിസിയെ മുഖ്യാതിഥിയായി ലഭിച്ചതില്‍ ഏറെ സന്തോഷിക്കുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടന്ന ഈ രണ്ട് സന്ദര്‍ശനങ്ങളും ഈജിപ്തുമായുള്ള ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പങ്കാളിത്തത്തിന്റെ പ്രതിഫലനമാണെന്നും മോഡി വ്യക്തമാക്കി.
കൂടാതെ ഇരു രാജ്യങ്ങളുടെയും നാഗരികവും ബഹുമുഖവുമായ പങ്കാളിത്തത്തിന് കൂടുതല്‍ ഊര്‍ജം പകരാന്‍ പ്രസിഡന്റ് സിസിയുമായും ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിലെ മുതിര്‍ന്ന അംഗങ്ങളുമായും നടത്തുന്ന ചര്‍ച്ചകള്‍ക്ക് കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു. ഈജിപ്തിലെ ഊര്‍ജസ്വലരായ ഇന്ത്യന്‍ പ്രവാസികളുമായി സംവദിക്കാനും അവസരം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.