എസ്.എഫ്.ഐയെ നിയന്ത്രിക്കാന്‍ സിപിഎം; ജില്ലാ കമ്മിറ്റികള്‍ നേരിട്ട് നിരീക്ഷിക്കും

എസ്.എഫ്.ഐയെ നിയന്ത്രിക്കാന്‍ സിപിഎം; ജില്ലാ കമ്മിറ്റികള്‍ നേരിട്ട് നിരീക്ഷിക്കും

തിരുവനന്തപുരം: പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതി വരുത്തും വിധം അടിക്കടിയുള്ള വിവാദങ്ങളിലൂടെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐയെ നിയന്ത്രിക്കാന്‍ സിപിഎം. നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് തിരുത്തല്‍ നല്‍കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കും.

കായംകുളം എം.എസ്.എം കോളജ് വിവാദത്തില്‍ എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ സംസ്ഥാന നേതൃത്വത്തിന് പെട്ടെന്ന് പുറത്താക്കേണ്ടി വന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിയുടെ പ്രതിഫലനമാണ്. എസ്.എഫ്.ഐ നേതാക്കളുമായി ബന്ധപ്പെട്ട പല വിവാദങ്ങളുടെയും മുന ചില പാര്‍ട്ടി നേതാക്കളിലേക്ക് കൂടി നീണ്ടതോടെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലായി സി.പി.എം.

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ യാത്ര പോകും മുമ്പ് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തനങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അത് നടപ്പാവും മുമ്പ് നടന്ന സംഭവങ്ങള്‍ പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കി. 

കായംകുളം സംഭവത്തില്‍ കുറ്റാരോപിതനായ നിഖിലിനെ സര്‍വ ശക്തിയും സംഭരിച്ച് ന്യായീകരിക്കാനാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ആദ്യം ശ്രമിച്ചത്. മണിക്കൂറുകള്‍ക്കകം നിഖിലിനെതിരായ ആരോപണങ്ങള്‍ ബന്ധപ്പെട്ട സര്‍വകലാശാലകള്‍ തന്നെ ശരി വച്ചു. അതോടെ സെക്രട്ടറി മലക്കം മറിഞ്ഞു. 24 മണിക്കൂറിനകം നിഖിലിനെ പുറത്താക്കേണ്ടിയും വന്നു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസും മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തക വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമൊക്കെ പാര്‍ട്ടിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നും സിപിഎം വിലയിരുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.