വാഷിങ്ടണ്‍: അറ്റ്ലാന്റിക് സമുദ്രാന്തര്‍ ഭാഗത്ത് അഞ്ച് സഞ്ചാരികളുമായി കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിക്കായി തിരച്ചില്‍ നടത്തുന്ന സോനാര്‍ ഉപകരണങ്ങള്‍ ചില ശബ്ദ തരംഗങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ടൈറ്റന്‍ കാണാതായ മേഖലയില്‍ നിന്നാണ് ശബ്ദം പിടിച്ചെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1912 ല്‍ മുങ്ങിയ ആഡംബര കപ്പലായ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്ലാന്റിക് സമുദ്രാന്തര്‍ ഭാഗത്തേക്ക് പോയ അന്തര്‍വാഹിനിയുമായുള്ള ബന്ധം പെട്ടന്നു തന്നെ വിച്ഛേദിക്കപ്പെടുകയും അപ്രത്യക്ഷമാവുകയുമായിരുന്നു.
രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായ കാനഡയുടെ പി 3 എയര്‍ക്രാഫ്റ്റ് വിന്യസിച്ച സോനാര്‍ ആണ് ശബ്ദ തരംഗങ്ങള്‍ പിടിച്ചെടുത്തതെന്ന് യു.എസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഇത് യു.എസ് നേവി വിദഗ്ധര്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇന്നലെ അര മണിക്കൂറിന്റെ ഇടവേളകളിലാണ് ശബ്ദം കേട്ടിരുന്നതെന്ന് അമേരിക്കന്‍ സര്‍ക്കാരിന്റെ ഇന്റേണല്‍ കമ്യൂണിക്കേഷനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആദ്യ ശബ്ദ തംരഗങ്ങള്‍ പിടിച്ചെടുത്ത് നാല് മണിക്കൂറിനു ശേഷം വേറെ സോനാറും ഉപയോഗപ്പെടുത്തിയിരുന്നു. അപ്പോഴും ശബ്ദം കേള്‍ക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്നലെ എപ്പോഴാണ് ശബ്ദം കേട്ടതെന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
ഞായറാഴ്ച പുലര്‍ച്ചെയാണ് ടൈറ്റന്‍ പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത്. പേടകം നിയന്ത്രിക്കുന്ന ഫ്രഞ്ച് പൈലറ്റ് നാര്‍ജിയോ ലെറ്റ്, ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്ഥാനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകന്‍ സുലൈമാന്‍, ഓഷ്യന്‍ ഗേറ്റ് സിഇഒ സ്റ്റോക്‌റ്റോണ്‍ റഷ് എന്നിവരാണ് പേടകത്തിലുള്ളത്.
ഓക്സിജന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അകത്തുണ്ടെങ്കിലും പുറത്തുനിന്ന് മാത്രമേ പേടകം തുറക്കാനാവുകയുള്ളൂ. മുപ്പത് മണിക്കൂര്‍ സമയത്തേക്ക് മാത്രമുള്ള ഓക്സിജനാണ് പേടകത്തില്‍ അവശേഷിക്കുന്നതെന്നാണ് വിവരം.
മേഖലയിലെ മോശം കാലാവസ്ഥയും രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതിനകം 1,970 ചതുരശ്ര അടിയില്‍ തിരച്ചില്‍ നടത്തിയിട്ടുണ്ടെന്ന് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.