പിതാവായ ദൈവത്തോട് ചേര്‍ന്ന് നിന്ന് ഭയത്തെ കീഴടക്കാം; സ്‌നേഹത്തിലേക്ക് സ്വയം തുറക്കാം: ഫ്രാന്‍സിസ് പാപ്പ

പിതാവായ ദൈവത്തോട് ചേര്‍ന്ന് നിന്ന് ഭയത്തെ കീഴടക്കാം; സ്‌നേഹത്തിലേക്ക് സ്വയം തുറക്കാം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടങ്ങളില്‍ ഒരു പിതാവിനെപ്പോലെ നമ്മെ കൈപിടിച്ചു നടത്തുന്ന കര്‍ത്താവിന്റെ സാമീപ്യത്തെ തിരിച്ചറിയാനും ആ സ്‌നേഹത്തില്‍ ആശ്രയിക്കാനും നമുക്കു കഴിയണമെന്നു ഫ്രാന്‍സിസ് പാപ്പ. സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും പ്രവൃത്തികള്‍ ചെയ്തുകൊണ്ട് ദൈവത്തിന്റെ സാമീപ്യം ലോകത്തെ അനുഭവിപ്പിക്കാന്‍ നമുക്കു കഴിയണമെന്നും മാര്‍പ്പാപ്പ ഉദ്‌ബോധിപ്പിച്ചു.

ഉദര ശസ്ത്രക്രിയയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ നിന്ന് വെള്ളിയാഴ്ച്ച ഡിസ്ചാര്‍ജ് ആയതിനു ശേഷം ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ. താന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ പ്രാര്‍ഥനാപൂര്‍വം നല്‍കിയ പിന്തുണക്ക് എല്ലാവരോടും പരിശുദ്ധ പിതാവ് അഗാധമായ നന്ദി രേഖപ്പെടുത്തി.

ദിവ്യബലി മധ്യേ വായിച്ച മത്തായിയുടെ സുവിശേഷം ഒമ്പതാം അദ്ധ്യായം, 36 മുതല്‍ പത്താം അദ്ധ്യായം എട്ടു വരെയുള്ള വാക്യങ്ങള്‍ (മത്തായി 9:36-10:08) അതായത്, യേശു പന്ത്രണ്ട് ശിഷ്യന്മാരെ പേരു വിളിച്ച് സുവിശേഷ പ്രഘോഷണത്തിനായി അയയ്ക്കുന്ന സംഭവം വിവരിക്കുന്ന ഭാഗമായിരുന്നു പാപ്പാ വിശദീകരിച്ചത്.

ശിഷ്യന്മാരെ അയക്കവേ, ഒരു കാര്യം മാത്രം പ്രഘോഷിക്കാന്‍ അവിടുന്ന് അവരോട് ആവശ്യപ്പെടുന്നു: 'സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുവിന്‍' (മത്തായി 10:7). അതായത് 'സ്നേഹത്തിന്റെ കര്‍ത്താവ് അടുത്തെത്തിയിരിക്കുന്നു, നമ്മുടെ മധ്യത്തിലേക്കു വരുന്നു. ഇത് ജീവിതത്തിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യമാണ്'.

'തീര്‍ച്ചയായും, സ്വര്‍ഗസ്ഥനായ ദൈവം സമീപസ്ഥനാണെങ്കില്‍ നാം ഭൂമിയില്‍ തനിച്ചല്ല. പ്രയാസങ്ങളില്‍ പോലും നമുക്ക് വിശ്വാസം നഷ്ടപ്പെടില്ല' - മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

ദൈവം തന്റെ മക്കളെ അറിയുകയും അവരെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു പിതാവാണെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിക്കുന്നു. 'നീ കുത്തനെയുള്ളതും ദുര്‍ഘടവുമായ പാതകളിലൂടെ സഞ്ചരിക്കുമ്പോഴും വീഴുമ്പോഴും എഴുന്നേറ്റു വീണ്ടും നടക്കാന്‍ ബുദ്ധിമുട്ടുമ്പോഴും അരികില്‍ ഒരു പിതാവിനെ പോലെ നിന്റെ കൈ പിടിച്ചു നടത്താന്‍ അവിടുന്ന് ആഗ്രഹിക്കുന്നു.

'നീ ഏറ്റവും ദുര്‍ബലരായിരിക്കുന്ന നിമിഷങ്ങളില്‍, അവിടുത്തെ സാന്നിധ്യം കൂടുതല്‍ ശക്തമായി അനുഭവിക്കാന്‍ കഴിയും. അവിടുന്ന് പിതാവായി നിന്നോടൊപ്പമുണ്ട്.

ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിലൂടെ നാം ഭയത്തെ കീഴടക്കുന്നു, സ്‌നേഹത്തിലേക്ക് സ്വയം തുറക്കുന്നു, നന്മയില്‍ വളരുന്നു, സുവിശേഷം പ്രഘോഷിക്കേണ്ടതിന്റെ ആവശ്യകതയും സന്തോഷവും നമുക്ക് അനുഭവപ്പെടുന്നു' - പാപ്പ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.