മസ്ക്കറ്റ്: ദുബായ് - ഒമാൻ സുൽത്താനേറ്റിന്റെ പ്രഥമ അപ്പസ്തോലിക് ന്യൂൺഷ്യോ ആയി ചുമതലയേറ്റ ആർച്ച് ബിഷപ്പ് നിക്കോളാസ് ഹെൻറി മേരി ഡെനിസ് തെവെനിൻ സുൽത്താൻ ഹൈതംമ്പിൻ താരിഖ് അൽ സെയ്ദുമായി കൂടിക്കാഴ്ച നടത്തി. 2023 മെയ് മാസത്തിലാണ് ബിഷപ്പ് നിക്കോളാസ് ഹെൻറി മേരി ഡെനിസ് തെവെനിൻ ഒമാൻ സുൽത്താനേറ്റിന്റെ പ്രഥമ അപ്പസ്തോലിക് ന്യൂൺഷ്യോ ആയി ചുമതലയേറ്റത്.
ഫ്രാൻസിലെ സെന്റ്-ഡിസിയറിൽ 1958 ജൂൺ അഞ്ചിന് ജനിച്ച ആർച്ച് ബിഷപ്പ് തെവെനിൻ 1989 ജൂലൈ നാലിനാണ് വൈദികനായി അഭിഷിക്തനായത്. ഇറ്റലിയിലെ ജെനോവ അതിരൂപതയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇന്ത്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ബെൽജിയം, ലെബനൻ, ക്യൂബ, ബൾഗേറിയ തുടങ്ങിയ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് ഓഫ് ഹോളി സീയിലും ബിഷപ്പ് സേവനം ചെയ്തിട്ടുണ്ട്.
2012 ഡിസംബർ 15 ന് മോൺസിഞ്ഞോർ തെവെനിൻ അപ്പസ്തോലിക് നൂൺഷ്യോയുടെ ആർച്ച് ബിഷപ്പായി നിയമിതനായി. തുടർന്ന് 2013 ജനുവരി അഞ്ചിന് ഗ്വാട്ടിമാലയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആയി നാമകരണം ചെയ്യപ്പെട്ടു. 2013 ജനുവരി ആറിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വച്ച് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ ബിഷപ്പായി നിയമിച്ചു.
2019 നവംബർ നാലിന്, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആർച്ച് ബിഷപ്പ് തെവെനിനെ ഈജിപ്തിലെ നുൺഷ്യോയായും അറബ് രാജ്യങ്ങളുടെ ലീഗിലേക്കുള്ള ഹോളി സീയുടെ പ്രതിനിധിയായും നിയമിച്ചു. മെയ് മാസത്തിൽ ഒമാനിലെ സുൽത്താനേറ്റിന്റെ ആദ്യ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആയും ബിഷപ്പ് നിയമിതനായി. എന്നിരുന്നാലും ആർച്ച് ബിഷപ്പ് തെവെനിൻ ഈജിപ്തിൽ ന്യൂൺഷ്യോ എന്ന നിലയിൽ തന്റെ ചുമതലകൾ തുടരുകയും അവിടെ തന്റെ വസതി നിലനിർത്തുകയും ചെയ്യുന്നുണ്ട്. ആർച്ച് ബിഷപ്പ് തെവെനിന് ഇംഗ്ലീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമ്മൻ, പോർച്ചുഗീസ്, സ്പാനിഷ് എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26