കോട്ടയം: ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്ന പ്രക്രിയയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ടെന്ന് കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്. ശബ്ദിക്കാന്‍ സാധിക്കാത്തവരുടെ ശബ്ദമായി അവര്‍ മാറണമെന്നും അദേഹം പറഞ്ഞു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ നാല്പത്തി മൂന്നാമത് വാര്‍ഷിക പൊതുയോഗ ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.
1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യന് സംരക്ഷണം നല്‍കുന്ന നിയമം രാജ്യത്ത് നടപ്പാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കെസിബിസി ജസ്റ്റിസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ അഭിപ്രായപ്പെട്ടു. ചെല്ലാനം തീരസംരക്ഷണം ഉള്‍പ്പെടെ പ്രഖ്യാപനത്തില്‍ ഒതുങ്ങി നില്‍ക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കി തീരദേശത്ത് നിലനില്ക്കുന്ന ഭയാശങ്കകള്‍ ശാശ്വതമായി പരിഹരിക്കാന്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മുന്നോട്ട് വരണമെന്നും മാര്‍ ജോസ് പുളിക്കല്‍ ആവശ്യപ്പെട്ടു.
കാരിത്താസ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി വിശിഷ്ടാതിഥിയായിരുന്നു. വിമുക്തി മിഷന്‍ ജില്ലാ കൗണ്‍സിലര്‍ ആശാ മരിയ പോള്‍ മുഖ്യ പ്രഭാഷണം നടത്തി.
പൊതു യോഗത്തില്‍ കേരളത്തിലെ 32 കത്തോലിക്ക രൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍മാരെ കൂടാതെ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, ടോണി സണ്ണി, ആല്‍ബിന്‍ ജോസ്, വിശാല്‍, ജിന്‍സ്‌മോന്‍ എന്നിവര്‍ പങ്കെടുത്തു. കേരള സംസ്ഥാന യുവ കര്‍ഷക പുരസ്‌കാര ജേതാവ് ജോസ്‌മോന്‍, മഹാത്മാഗാന്ധി സര്‍വകലാശാല റാങ്ക് ജേതാവ് ലിന്റുമോള്‍ ജെയിംസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26