പാലാ രൂപത പ്രവാസി സംഗമം ജൂലൈ 22 ന്

പാലാ രൂപത പ്രവാസി സംഗമം ജൂലൈ 22 ന്

പാലാ: പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ രണ്ടാം വാര്‍ഷികവും ആഗോള പ്രവാസി സംഗമവും 2023 ജൂലൈ 22 ശനിയാഴ്ച്ച പാലാ ചൂണ്ടച്ചേരി സെന്റ്. ജോസഫ് കോളജ് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയില്‍ നടത്തും. പാലാ രൂപതയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോയിരിക്കുന്നവരും, കുടിയേറിയവരും മറ്റു പ്രവാസികളുമായ സംഗമത്തിന് ഗള്‍ഫില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമായി ആയിരത്തോളം അംഗങ്ങള്‍ പങ്കെടുക്കും.

ലോകത്തിന്റെ പല ഭാഗങ്ങളിലായിരിക്കുന്ന പാലാ രൂപതാംഗങ്ങളെ രൂപതയോടു ചേര്‍ത്ത് നിര്‍ത്തുക, രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ 55 ഓളം രാജ്യങ്ങളില്‍ വ്യാപിച്ചു കഴിഞ്ഞു. സഭാംഗങ്ങളുടെ ആത്മീയവും ഭൗതികവും ബൗദ്ധികവുമായ ഉന്നമനത്തിനായി ഈ സംരംഭം നിലകൊള്ളുന്നു.

പാലാ രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രത്യേക പരിഗണനയും ശ്രദ്ധയും പ്രവാസി അപ്പൊസ്‌തോലേറ്റിനെ രൂപതയുടെ ഒരു പ്രധാന ഭാഗമാക്കി മാറ്റുന്നുണ്ട്. രൂപതയുടെ മറ്റു സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവാണ്. പ്രവാസി അപ്പോസ്തലേറ്റിന്റെ ചുമതലയുള്ള വികാരി ജനറാള്‍ വെരി.ഫാ. ജോസഫ് തടത്തിലിലാണ്.

കൊയ്‌നോനിയ 2023 എന്ന് പേരിട്ടിരിക്കുന്ന ഗ്ലോബല്‍ മീറ്റിംഗില്‍ പ്രവാസികള്‍ക്കും പ്രവാസ ജീവിതം അവസാനിച്ചു മടങ്ങിയെത്തിയവര്‍ക്കുമുള്ള രൂപതയുടെ വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കും. പ്രവാസി അപ്പോസ്തലേറ്റിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും, അശരണരായ രോഗികള്‍ക്കും വാര്‍ദ്ധക്യമായവര്‍ക്കുമുള്ള വീല്‍ ചെയര്‍ വിതരണവും നടത്തപ്പെടും. കലാ പരിപാടികളും സമ്മേളനത്തോടനുബന്ധിച്ച് ഉണ്ടായിരിക്കും.

പ്രവാസി സംഗമത്തിന് മുന്നോടിയായി വിവിധ മത്സരങ്ങള്‍ ഓണ്‍ലൈനായി നടത്തുകയും, വിജയികള്‍ക്ക് പ്രവാസി സംഗമത്തില്‍ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. പ്രവാസ ജീവിതത്തിനിടയില്‍ സഭയുടെ വളര്‍ച്ചക്കായി പ്രവര്‍ത്തിച്ചു വരുന്ന പാലാ രൂപതാംഗങ്ങളെ പ്രത്യേകം ആദരിക്കും. പത്ത് പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കളെയും ആദരിക്കും.

സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം ഭാഗിയായി നടക്കുന്നതായും പ്രവാസി അപ്പോസ്തലേറ്റിന്റെ ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി. സയറക്ടര്‍മാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഗ്ലോബല്‍ കോ- ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ മങ്കുഴിക്കരി, മിഡില്‍ ഈസറ്റ് കോ-ഓര്‍ഡിനേറ്ററും കൊയ്‌നോനിയ 23 ന്റെ ജനറല്‍ കണ്‍വീനറുമായ ജൂട്ടാസ് പോള്‍ എന്നിവര്‍ അറിയിച്ചു.

പ്രവാസി ഗ്ലോബല്‍ സംഗമത്തിനായി ചൂണ്ടച്ചേരി സെന്റ് ജോസഫ് എഞ്ചിനീയറിങ് കോളജ് തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എല്ലാ പ്രവാസികളെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ഫാ. ജോസഫ് മലേപ്പറമ്പില്‍ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26