നൈജീരിയയില്‍ തോക്കുധാരികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍ മോചിതനായി; വിട്ടയച്ചത് ക്രൂരമര്‍ദനത്തിനു ശേഷം

നൈജീരിയയില്‍ തോക്കുധാരികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍ മോചിതനായി; വിട്ടയച്ചത് ക്രൂരമര്‍ദനത്തിനു ശേഷം

അബൂജ: മധ്യ-വടക്കന്‍ നൈജീരിയയില്‍ ജോസ് അതിരൂപതയിലെ സെന്റ് പോള്‍ ബോമോ ഇടവകയില്‍ നിന്നും തോക്കുധാരികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍ മോചിതനായി. മിഷനറി ഒബ്ലേറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിലെ (ഒ.എം.ഐ) അംഗമായ ഫാ. മാര്‍സെല്ലസ് നവോഹുവോച്ചയാണ് മോചിതനായത്. ജൂണ്‍ 17-ന് വൈദികന്‍ താമസിച്ചിരുന്ന വസതിയില്‍ നിന്നും അക്രമികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കു ശേഷമാണ് വൈദികനെ സംഘം കഴിഞ്ഞ ദിവസം വിട്ടയച്ചത്. ഫാ. മാര്‍സെല്ലസിന്റെ തലയില്‍ ആഴത്തില്‍ മുറിവുണ്ടെന്നും ചികിത്സയിലാണെന്നും ഒ.എം.ഐ സന്യാസ സമൂഹത്തിന്റെ അധികാരി ഫാ. പീറ്റര്‍ ക്ലേവര്‍ വെളിപ്പെടുത്തി. തട്ടിക്കൊണ്ടു പോയതിനു പിന്നിലെ കാരണം അജ്ഞാതമായി തുടരുകയാണ്.

ജൂണ്‍ 19-നും 20-നുമിടയിലുള്ള രാത്രിയിലാണ് വൈദികനെ അക്രമികള്‍ മോചിപ്പിച്ചതെന്നും ശരീരത്തില്‍ മാരകമായ മുറിവുകളുണ്ടെന്നും അതിനാല്‍ ചികിത്സയിലാണെന്നും ഫാ. പീറ്റര്‍ ക്ലേവര്‍ വ്യക്തമാക്കി. ഒപ്പം വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയും കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്റെ മരണത്തില്‍ അനുശോചനവും അറിയിച്ചു.

പാരിഷ് ഹൗസിലേക്ക് ബലമായി പ്രവേശിച്ച അക്രമികള്‍ സെക്യൂരിറ്റി ജീവനക്കാരനെ വെടിവയ്ക്കുകയും വൈദികനെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ സെക്യൂരിറ്റി മരിച്ചതായി സന്യാസ സമൂഹം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു.

ആഫ്രിക്കയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രാഷ്ട്രമാണ് നൈജീരിയ. ഇവിടുത്തെ പുരോഹിതന്മാരെയും സെമിനാരിക്കാരെയും മറ്റ് ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടു പോകല്‍ സംഭവങ്ങളിലെ ഏറ്റവും പുതിയതാണ് ഫാ. നവോഹുവോച്ചയുടെ തിരോധാനവും മോചനവും. തട്ടിക്കൊണ്ടു പോകുന്നത് രാജ്യത്ത് ഒരു വ്യവസായമായി മാറിയിരിക്കുകയാണെന്നും വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകള്‍ ദിവസവും തട്ടിക്കൊണ്ടു പോകലിന് ഇരകളാകുന്നുവെന്നും നൈജീരിയന്‍ വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നു.

ജൂണ്‍ 11ന് കഫന്‍ചാന്‍ രൂപതയിലെ വൈദികനായ ഫാദര്‍ ജെറമിയ യാക്കൂബിനെ തട്ടിക്കൊണ്ടുപോയി പിന്നീട് വിട്ടയച്ചു. വൈദികനായി ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരുന്ന ബെനിന്‍ സിറ്റി അതിരൂപതയിലെ ഫാ. ചാള്‍സ് ഒനോംഹോലെ ഇഗെച്ചി അജപാലന ചുമതലകള്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ ജൂണ്‍ ഏഴിന് വെടിയേറ്റ് മരിച്ചതാണ് ഏറ്റവും ദാരുണമായ സംഭവം.

പശ്ചിമാഫ്രിക്കന്‍ രാഷ്ട്രത്തിലെ ദൈവജനത്തിന്റെ സുരക്ഷാ ആശങ്കകള്‍ക്കും സാമ്പത്തിക പ്രയാസങ്ങളോടുള്ള പോരാട്ടങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്ന് നൈജീരിയയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മെയ് 29 ന് സത്യപ്രതിജ്ഞ ചെയ്ത പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26