യരേവാന്‍ (അര്‍മേനിയ): അതിര്‍ത്തി പ്രദേശമായ നാഗോര്‍ണോ-കരാബാഖയെ ചൊല്ലി അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുമ്പോള്‍ പ്രദേശത്തെ ക്രൈസ്തവരുടെ നിലനില്‍പ്പ് ഭീഷണിയില്‍. നൂറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തുടരുന്ന പോരാട്ടമാണ് ക്രൈസ്തവരുടെ പലായനത്തിലേക്കു നയിക്കുന്നത്. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കന്‍ മുന്‍ അംബാസഡര്‍ സാം ബ്രൗണ്‍ബാക്കിന്റെ നേതൃത്വത്തില്‍ മനുഷ്യാവകാശ സംഘടനാ നേതാക്കള്‍ പത്രസമ്മേളനം നടത്തിയാണ് തര്‍ക്ക മേഖലയിലെ ക്രൈസ്തവര്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഒരു നൂറ്റാണ്ടിനിടെ രണ്ടാം തവണയും വംശഹത്യയുടെ സാധ്യത നേരിടുന്ന ക്രിസ്ത്യന്‍ രാഷ്ട്രമാണ് അര്‍മേനിയയെന്ന് ഫിലോസ് പ്രോജക്റ്റ് എന്ന ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയുടെ പ്രസിഡന്റ് റോബര്‍ട്ട് നിക്കോള്‍സണ്‍ മുന്നറിയിപ്പ് നല്‍കി. സാഹചര്യം അടിയന്തര പരിഗണന അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
95 ശതമാനവും ക്രിസ്ത്യന്‍ മതത്തില്‍ വിശ്വസിക്കുന്നവരുള്ള അര്‍മേനിയയില്‍ 30 ലക്ഷത്തോളമാണ് ജനസംഖ്യ. അസര്‍ബൈജാനില്‍ ഒരു കോടിയാണ് ജനസംഖ്യ, അതില്‍ 99 ശതമാനവും മുസ്ലീങ്ങളാണ്. മലനിരകളാല്‍ നിബിഢമായ നാഗോര്‍ണോ-കരാബാഖ് ഔദ്യോഗികമായി അസര്‍ബൈജാന്റെ ഭാഗമാണെങ്കിലും അര്‍മേനിയന്‍ വംശജരായ ക്രൈസ്തവരാണ് ഇവിടെ താമസിക്കുന്നത്. ഒന്നരലക്ഷം പേരാണ് ഇവിടെയുള്ളത്.
തുര്‍ക്കിയുടെ പിന്തുണയോടെയാണ് അസര്‍ബൈജാന്‍ അര്‍മേനിയന്‍ വംശജരുടെ മേല്‍ ആക്രമണം നടത്തുന്നതെന്ന ആരോപണം ശക്തമാണ്. അര്‍മേനിയയിലെ ഇസ്ലാമിക അധിനിവേശത്തെയും നാഗോര്‍ണോ-കറാബാഖ് മേഖലയിലെ ഉപരോധത്തെയും 'മതശുദ്ധീകരണ'ത്തിനുള്ള ശ്രമമെന്നാണ് സാം ബ്രൗണ്‍ബാക് വിശേഷിപ്പിച്ചത്.
'തുര്‍ക്കിയുടെ പിന്തുണയോടെ അസര്‍ബൈജാന്‍, നാഗോര്‍ണോ-കരാബാഖ് പ്രദേശത്തെ കഴുത്തു ഞെരിച്ച് കൊല്ലുകയാണ്' - ബ്രൗണ്‍ബാക് പറഞ്ഞു. 'അവര്‍ ഈ പ്രദേശം ക്രിസ്ത്യാനികള്‍ക്ക് ജീവിക്കാന്‍ യോഗ്യമല്ലാതാക്കാന്‍ ശ്രമിക്കുകയാണ്, അതിനാല്‍ പ്രദേശത്തെ ക്രിസ്ത്യാനികള്‍ സ്വന്തം വീടു വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുന്നു. വിഷയത്തില്‍ അമേരിക്ക ഇടപെട്ടില്ലെങ്കില്‍, പരമ്പരാഗത ക്രിസ്ത്യന്‍ ജനതയെ അവരുടെ മാതൃരാജ്യത്ത് നിന്ന് പുറത്താക്കുന്നത് വീണ്ടും കാണേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നാഗോര്‍ണോ-കരാബാഖിലെ ജനങ്ങളുടെ അടിസ്ഥാന സുരക്ഷാ ഉറപ്പാക്കാന്‍ 'നാഗോര്‍ണോ-കരാബാഖ് മനുഷ്യാവകാശ നിയമം' പാസാക്കണമെന്ന് ബ്രൗണ്‍ബാക് ആവശ്യപ്പെട്ടു. ഉപരോധം തുടരുകയാണെങ്കില്‍ അസര്‍ബൈജാനെതിരെ മുമ്പ് ഉപയോഗിച്ച ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം അമേരിക്കയോട് ആവശ്യപ്പെട്ടു.
ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ അര്‍മേനിയയും മുസ്ലിം ഭൂരിപക്ഷ രാജ്യമായ അസര്‍ബൈജാനും തമ്മിലുള്ള പോരാട്ടങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിനു വംശീയവും ഭൂമിശാസ്ത്രവും രാഷ്ട്രീയവുമായ ഒട്ടേറെ കാരണങ്ങളുണ്ട്. 1915 മുതല്‍ 1920 വരെയുള്ള കാലത്ത് ഓട്ടൊമന്‍ സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ തുര്‍ക്കിയിലെ ലക്ഷക്കണക്കിന് അര്‍മേനിയന്‍ വംശജരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു. ഇതിന് വിസമ്മതിച്ചവരെ മൃഗീയമായി കൊല ചെയ്തു; ഇതാണ് ചരിത്രത്തില്‍ അര്‍മേനിയന്‍ വംശഹത്യയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നാം ലോകമഹായുദ്ധ കാലയളവില്‍ നടന്ന വംശഹത്യയില്‍ 15 ലക്ഷം ക്രിസ്ത്യനികളാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇത് വംശഹത്യയാണെന്ന കാര്യം തുര്‍ക്കി ഒരിക്കലും അംഗീകരിച്ചിട്ടില്ല.
അതേസമയം, ഇത്തവണ അസര്‍ബൈജാന്‍ മതശുദ്ധീകരണം നടത്താന്‍ ശ്രമിക്കുന്നത് അമേരിക്ക വിതരണം ചെയ്ത ആയുധങ്ങള്‍ ഉപയോഗിച്ചും നാറ്റോ അംഗമായ തുര്‍ക്കിയുടെ പിന്തുണയോടെയുമാമെന്ന് മുന്‍ അംബാസഡര്‍ വ്യക്തമാക്കുന്നു.
സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനു ശേഷമാണ് നാഗോര്‍ണോ-കരാബാഖ് മേഖലയെച്ചൊല്ലിയുള്ള സംഘര്‍ഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ രൂക്ഷമായത്.
1992-ലാണ് ആദ്യമായി യുദ്ധമുണ്ടായത്. അന്ന് 30,000 പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും പത്തു ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തു. യുദ്ധത്തിനുശേഷം അര്‍മേനിയ നാഗോര്‍ണോ-കരാബാക്കിന്റെ നിയന്ത്രണം നേടി.
2020 സെപ്റ്റംബറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. അസര്‍ബൈജാന്‍ സൈന്യം കരബാഖില്‍ വലിയ നാശമാണ് വരുത്തിയത്. കടന്നുകയറിയ പ്രദേശങ്ങള്‍ സ്വന്തം നിയന്ത്രണത്തിലാക്കാനും അവര്‍ക്കു കഴിഞ്ഞു. പോപ്പുലേഷന്‍ റിസര്‍ച്ച് ആന്‍ഡ് പോളിസി റിവ്യൂവില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 2020 ലെ സംഘര്‍ഷത്തില്‍ 3,822 അര്‍മേനിയക്കാരും 2,906 അസര്‍ബൈജാനികളുമാണ് കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്ന് നവംബറില്‍ റഷ്യയുടെ മധ്യസ്ഥതയില്‍ നടപ്പാക്കിയ സമാധാന ഉടമ്പടി പക്ഷേ രണ്ട് മാസം മാത്രമാണു നീണ്ടുനിന്നത്.
നഗോര്‍ണോ-കരാബാഖിനെ അര്‍മേനിയയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് ലാച്ചിന്‍. ഇത് അസര്‍ബൈജാന് സ്വന്തം കൈകളിലാക്കാന്‍ കഴിഞ്ഞു. ഇതോടെ അര്‍മേനിയക്കാര്‍ക്ക് അത്യാവശ്യ സാമഗ്രികള്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിസന്ധിയിലായി. 500 ടണ്‍ മാനുഷിക ഉപകരണങ്ങള്‍ ഉപരോധം കാരണം നാഗോര്‍ണോ-കരാബാക്കിലേക്ക് കൊണ്ടു പോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് റോബര്‍ട്ട് നിക്കോള്‍സണ്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.