കോട്ടയം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്.ഐ പുറത്താക്കിയ നിഖിൽ തോമസ് പിടിയിൽ. കോട്ടയം ബസ് സ്റ്റാൻ്റിൽ നിന്നാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. കെ.എസ്.ആർ.ടി.സി ബസിൽ ഇരിക്കവെയായിരുന്നു കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു.
നിഖിൽ തോമസ് ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ് പിടിയിലാകുന്നത്. കീഴടങ്ങാൻ നിഖിലിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്തു. മാത്രമല്ല നിഖിലിന്റെ സുഹൃത്തായ മുൻ എസ്.എഫ്.ഐ നേതാവിനെ വർക്കലയിൽ നിന്ന് ഇന്നലെ പകൽ കസ്റ്റഡിയിലെടുത്തിരുന്നു.
കായംകുളം എം.എസ്.എം കോളജിൽ ബികോം വിദ്യാർഥിയായിരുന്ന നിഖിൽ പരീക്ഷ ജയിക്കാതെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി ഇതേ കോളജിൽ എംകോമിനു ചേർന്ന വിവരം പുറത്തുവന്ന ശേഷം എസ്.എഫ്.ഐ നേതാക്കളെ കാണാൻ 18 ന് തിരുവനന്തപുരത്ത് പോയപ്പോൾ സി.പി.എമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം ഒപ്പമുണ്ടായിരുന്നു. ഇയാളെയും ചേർത്തലയിലെ ഒരു എസ്.എഫ്.ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവിൽ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇതറിഞ്ഞ നിഖിൽ മറ്റൊരിടത്തേക്ക് മാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്.എഫ്.ഐ നിഖിലിനെ പുറത്താക്കിയിരുന്നു. പിന്നാലെ നിഖിലിനെ സി.പി.എമ്മും പുറത്താക്കി. നിഖിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സി.പി.എമ്മും പ്രവർത്തകനെതിരെ നടപടിയെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.