ഇത് കലര്‍പ്പില്ലാത്ത കരുതല്‍: 'ലൈറ്റ് ഇന്‍ ലൈഫ്' സ്വിറ്റ്സര്‍ലന്‍ഡ് 2021 ല്‍ 1.90 കോടി ചെലവഴിക്കും

ഇത് കലര്‍പ്പില്ലാത്ത കരുതല്‍: 'ലൈറ്റ് ഇന്‍ ലൈഫ്' സ്വിറ്റ്സര്‍ലന്‍ഡ് 2021 ല്‍ 1.90 കോടി ചെലവഴിക്കും

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുമനസ്സുകളുടെ കൂട്ടായ്മയായ 'ലൈറ്റ് ഇന്‍ ലൈഫ്' സ്വിറ്റ്സര്‍ലന്‍ഡ് 2021 ല്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി 2,43,700 സ്വിസ് ഫ്രാങ്ക് ( ഉദ്ദേശം 1,90,00,000 രൂപ) ചെലവഴിക്കും. ഡിസംബര്‍ അഞ്ചിന് ചേര്‍ന്ന 2020 ലെ വാര്‍ഷിക പൊതുയോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. സൂം മീഡിയ വഴി അംഗങ്ങള്‍ എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെയിരുന്നാണ് യോഗത്തില്‍ സംബന്ധിച്ചത്. മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ച പൊതുയോഗത്തില്‍ ലൈറ്റ് ഇന്‍ ലൈഫ് പ്രസിഡന്റ് ഷാജി എടത്തല അധ്യക്ഷ പ്രസംഗം നടത്തി.

കഴിഞ്ഞ ഒരു വര്‍ഷം സംഘടന നടത്തിയ വിവിധ കര്‍മ്മ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് ഓരോ അംഗവും നടത്തിയ ഇടപെടലുകള്‍ അഭിനന്ദനീയമാണന്ന് അദ്ദേഹം പറഞ്ഞു. 2020 ല്‍ 1,62,175 സ്വിസ് ഫ്രാങ്കിന്റെ ( ഉദ്ദേശം 1,18,36,000 രൂപയുടെ) പദ്ധതികളാണ് ലൈറ്റ് ഇന്‍ ലൈഫ് വിജയകരമായി നടപ്പാക്കിയത്.

ഇന്ത്യയില്‍ മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ പൂര്‍ത്തിയാക്കിയ മൂന്നു സ്‌കൂളുകള്‍ക്ക് ശേഷം, മിസോറാമില്‍ ഒരു സ്‌കൂള്‍ നിര്‍മിച്ചു നല്‍കുവാനും യോഗത്തില്‍ തീരുമാനമായി. മുന്‍വര്‍ഷ പദ്ധതികള്‍ പോലെ തന്നെ MSFS നേതൃത്വം നല്‍കുന്ന FAsCE Indiaയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുവാനാണ് തീരുമാനം.

തുടക്കത്തില്‍ 280 കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഈ പദ്ധതി കൊണ്ട് ലഭിക്കും. ലൈറ്റ് ഫോര്‍ ചൈല്‍ഡ് പദ്ധതിയും ഉപരി വിദ്യാഭ്യാസ സഹായ നിധി പദ്ധതികളും വരുംവര്‍ഷങ്ങളിലും തുടരാനും തീരുമാനമായി. ആലംബഹീനരായ ഭവനരഹിതരെ സഹായിക്കാന്‍ വര്‍ഷങ്ങളായി നിലവിലുള്ള 'ആലയം' ഭവന പദ്ധതിക്ക് പുറമെ ഈ വര്‍ഷം പത്തു ഭവനങ്ങളുടെ ഒരു സമുച്ചയം നിര്‍മ്മിച്ച് നല്‍കുന്നതിനായി ഒരു സ്പെഷ്യല്‍ പ്രോജക്ട് കൂടി പരിഗണനയില്‍ ഉണ്ടന്ന് പ്രോജക്ട് മാനേജര്‍ മാത്യു തെക്കോട്ടില്‍ അറിയിച്ചു. (ഈ വര്‍ഷം കോട്ടയം ജില്ലയില്‍ നടപ്പാക്കിയ 'പുനര്‍ജനി ' പ്രളയാനന്തര പുനരധിവാസ സമുച്ചയം ഉള്‍പ്പടെ ഇതിനോടകം 106 ഭവനങ്ങളുടെ നിര്‍മ്മിതിയാണ് ലൈറ്റ് ഇന്‍ ലൈഫ് വഴി സാധ്യമായത്.) പുതിയ പ്രോജക്ടുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇ-മെയില്‍ അഡ്രസ് വഴി ബന്ധപ്പെടാവുന്നതാണ്.

വ്യത്യസ്ത സംഘടനകളില്‍ പ്രവര്‍ത്തിക്കുമ്പോഴും നന്മയുടെ നറുമലരുകളാകാന്‍ മലയാളിക്ക് സാങ്കേതികതകള്‍ തടസ്സമാകില്ല എന്നതിന് ഒരു ഉദാഹരണമായിരുന്നു ഈ വര്‍ഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും നടപ്പാക്കിയ ചാരിറ്റി പ്രൊജക്റ്റായ സ്നേഹ സ്പര്‍ശം. തിരുവന്തപുരത്തുള്ള ഗോപിനാഥ് മുതുകാട് മാജിക് അക്കാഡമിയിലെ ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കുവാന്‍, സ്വിറ്റ്‌സര്‍ലന്‍ഡിലെ തന്നെ സൗഹൃദ കൂട്ടായ്മയായ ഹലോഫ്രണ്ട്സിനൊപ്പം ലൈറ്റ് ഇന്‍ ലൈഫും ഒരു കൈത്താങ്ങാകാന്‍ തീരുമാനിച്ചപ്പോള്‍ അത് കലര്‍പ്പില്ലാത്ത കരുതലിന്റെയും മാതൃകയാക്കാവുന്ന മാനവികതയുടെയും നേര്‍ക്കാഴ്ചയായി.

ലൈറ്റ് ഇന്‍ ലൈഫിന്റെ മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കേണ്ട പ്രതിബദ്ധത ഉള്ളപ്പോഴും അപ്രതീക്ഷിതമായി എത്തിയ കോവിഡ് മഹാമാരി, കണക്കു കൂട്ടലുകളെ ഒരു പരിധി വരെ മാറ്റി മറിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പദ്ധതി പ്രദേശങ്ങളില്‍ കോവിഡ് കനത്ത ആഘാതം സൃഷ്ടിച്ചു. ദുരിത ബാധിതര്‍ക്ക്, നേരിട്ട് സഹായം എത്തിക്കുവാന്‍ ലൈറ്റ് ഇന്‍ ലൈഫ് നടത്തിയ ധന സമാഹരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതുവഴി 15,500 സ്വിസ് ഫ്രാങ്ക് (12 ലക്ഷത്തിനു മുകളില്‍ രൂപ) സമാഹരിക്കുകയും FAsCE India മുഖേന ദുരിതബാധിതര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു.

ലോകോത്തര ജീവകാരുണ്യ സംഘടനാ സഹകാരിയായ അമേരിക്കയിലെ ഗ്ലോബല്‍ ഗിവിംഗ് ഫൗണ്ടേഷന്റെ പട്ടികയില്‍ ഇടം നേടാനായി എന്നതും ഈ വര്‍ഷം ലൈറ്റ് ഇന്‍ ലൈഫിന് അഭിമാനിക്കാന്‍ ഏറെ വക നല്‍കുന്നു. 2018, 2019 വര്‍ഷങ്ങളിലെ പ്രളയാനന്തര ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള മറ്റു ഇടപെടലുകളുമാണ് 170 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഗ്ലോബല്‍ ഗിവിംഗിന്റെ അംഗീകാരത്തിന് സംഘടനയെ അര്‍ഹമാക്കിയത്. നിരാലംബരായ കുട്ടികളുടെ ഉപരി വിദ്യാഭ്യാസ സഹായത്തിനായി ലൈറ്റ് ഇന്‍ ലൈഫ് തുടക്കം കുറിച്ച ലൈറ്റ് ഫോര്‍ ചൈല്‍ഡ് പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അംഗങ്ങളായി 14 കുടുംബങ്ങള്‍ മാത്രമാണ് ഉള്ളതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ വിജയകരമായി ബഹുദൂരം എത്തിയിരിക്കുന്നു ലൈറ്റ് ഇന്‍ ലൈഫ് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ കൊടുത്തു കൊണ്ടുള്ള മാനവ സേവനമാണ് ലൈറ്റ് ഇന്‍ ലൈഫിന്റെ പ്രവര്‍ത്തന രീതി. 2017 ല്‍ ഇടമലക്കുടി ആദിവാസി മേഖലയിലെ അഞ്ച് കുടികളിലായി 400 വീടുകളുടെ വൈദ്യുതീകരണത്തിന് സഹായം നല്‍കിയിരുന്നത് ശ്രദ്ധേയമായിരുന്നു.

സംഘടന സമാഹരിച്ച അഞ്ചു ലക്ഷം രൂപ ഇടുക്കി രൂപതാ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡവലെപ്‌മെന്റ് സൊസൈറ്റി വഴിയാണ് കെഎസ്ഇ ബോര്‍ഡിന് കൈമാറിയത്. അന്ന് വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തുന്നതിന് കെസിബിസിയുടെ എസിഎസ്ടി കമീഷന്‍ മെമ്പര്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്റെ നേതൃത്വത്തില്‍ 12 അംഗ സംഘം ഇടമലക്കുടി സന്ദര്‍ശിച്ചപ്പോള്‍ പ്രവാസി സംഘടനകള്‍ക്ക് മാതൃക ആകാവുന്ന ഇത്തരം ഇടപെടലുകളെ പ്രത്യേകം പ്രശംസിച്ചിരുന്നു.അതേ വര്‍ഷം തന്നെ, ഖുര്‍ദിസ്ഥാന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ എത്തിച്ചു കൊടുക്കുന്ന പദ്ധതി ആയിരുന്നു ലൈറ്റ് ഇന്‍ ലൈഫിന്റെ മറ്റൊരു ജീവകാരുണ്യ പ്രവര്‍ത്തനം.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സൂം മീഡിയ വഴി നടത്തിയ വാര്‍ഷിക പൊതുയോഗത്തിന്റെ സാങ്കേതിക സംവിധാനങ്ങള്‍ സംഘടനയുടെ ട്രഷറര്‍ കൂടിയായ ഗോര്‍ഡി മണപ്പറമ്പില്‍ നിയന്ത്രിച്ചു. പൊതുയോഗത്തില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും ലൈറ്റ് ഇന്‍ ലൈഫിന്റെ സഹകാരികള്‍ക്കും പ്രായോജകര്‍ക്കും സെക്രട്ടറി എബ്രഹാം മാത്യു നന്ദി പറഞ്ഞു. രാവിലെ 10 ന് ആരംഭിച്ച പൊതുയോഗം ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിച്ചു.
URL : https://lightinlife.org/


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.