ധാർമ്മിക ലോക മഹാമാരിയും ആത്മീയ പ്രതിരോധവും

ധാർമ്മിക ലോക മഹാമാരിയും ആത്മീയ  പ്രതിരോധവും

ധാർമ്മിക ലോക മഹാമാരിയും ആത്മീയ പ്രതിരോധവും (ഭാഗം 1)

അനീതിയെന്ന ലോകമഹാമാരി

(ഫാ ജോ  ഇരുപ്പക്കാട്ട്

സെന്റ് പോൾ ബിബ്ളിക്കൽ സെന്റർ

ന്യൂഡൽഹി)

കോവിഡ് -19 ടെസ്റ്റ് സെന്ററിൽ നിന്ന്, ടെസ്റ്റ് പോസിറ്റീവ് ആണെന്നും ഉടനെ തന്നെ ഐസൊലേറ്റ് ചെയ്യണമെന്നുമുള്ള സന്ദേശം ലഭിച്ചതോടുകൂടി സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരിൽ നിന്നുള്ള ധാരാളം ഉപദേശങ്ങളും കിട്ടിക്കൊണ്ടിരുന്ന. ആവി പിടിക്കുക , ശ്വാസകോശത്തിന് വ്യായാമം കൊടുക്കുക, ഉപ്പുവെള്ളം തൊണ്ടയിൽ കൊള്ളിക്കുക,നന്നായി വിശ്രമിക്കുക , നന്നായി ഉറങ്ങുക, നന്നായി ഭക്ഷണം കഴിക്കുക, വിറ്റാമിൻ സപ്ലിമെന്റുകൾ എടുക്കുക, സൂര്യപ്രകാശം കൊള്ളുക തുടങ്ങിയ നിർദ്ദേശങ്ങൾ ആവർത്തിച്ച് ലഭിച്ചുകൊണ്ടിരുന്നു. നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളെ ആക്രമിക്കാനും നശിപ്പിക്കാനും കഴിയുന്ന വൈറസിനെ നേരിടാനും ജയിക്കാനും ശരീരത്തിൻറെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കണം. രോഗത്തോടുള്ള 'പോസിറ്റീവ്' മനോഭാവത്തോടൊപ്പം ഈ നിർദ്ദേശങ്ങളും പിന്തുടർന്നാൽ വൈറസിനെ കീഴ്പ്പെടുത്താൻ ബുദ്ധിമുട്ടുണ്ടാവില്ല.

ലോകമാകമാനമുള്ള ഒറ്റപ്പെടലിന്റെ ഈ കാലഘട്ടത്തിൽ, ശാരീരിക പ്രതിരോധശേഷി മാത്രമല്ല, ധാർമ്മികവും ആത്മീയവുമായ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ചിന്തകൾ എന്നെ നയിച്ചു. ഇന്ന് ലോകം മുഴുവൻ മാരകമായ വൈറസുമായി പോരാടുമ്പോൾ, മനുഷ്യകുടുംബത്തിന്റെ നിലനിൽപ്പിനെ അപകടപ്പെടുത്തുന്ന വിവിധതരം തിന്മകളോട് പോരാടാനും ജയിക്കാനും കൂടുതൽ ധാർമ്മികവും ആത്മീയവുമായ ഒരു പ്രതിരോധം ആവശ്യമായി വരുന്നു. ധാർമ്മികവും ആത്മീയവുമായ ഈ അധപതനത്തിൽ നിന്ന് ലോകത്തിന് ഒരു പുനരുജ്ജീവനം ആവശ്യമാണെന്ന് ഈ ലോകമഹാമാരി നമ്മെ പഠിപ്പിക്കുന്നു. ഇത്തരം പ്രതിരോധശേഷി നമുക്ക് ആവശ്യമായ ചില മേഖലകൾ:

1.അനീതിയെന്ന മഹാമാരിക്കെതിരായ പ്രതിരോധശേഷി

“എവിടെയും, അനീതി നീതിക്ക് ഭീഷണിയാണ്,” മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ പറയുന്നു. അനീതി എന്നത് ഒരു വ്യക്തിയുടെയോ ഒരു കൂട്ടം വ്യക്തികളുടെയോ അവകാശത്തിന്റെ ലംഘനമാണ്. ഓരോ പൗരനും നിയമത്തിന് മുന്നിൽ തുല്യ അവസരവും പരിഗണനയും ലഭിക്കണമെന്ന് നീതി ആവശ്യപ്പെടുന്നു. ഒരാൾക്ക് അവന്റെ അന്തസ്സ്‌ നിലനിർത്താൻ അവകാശമുണ്ട്; അയാളുടെ വിശ്വാസം അനുസരിച്ച്‌ ജീവിക്കാനും ജോലിചെയ്യാനും മാന്യമായ വേതനം സ്വീകരിക്കാനും മാന്യമായ ജീവിത സാഹചര്യങ്ങൾ ലഭ്യമാക്കാനും ഉള്ള അവകാശം, സംസാര സ്വാതന്ത്ര്യം, വിദ്യാഭ്യാസം ലഭ്യമാക്കാനുമുള്ള അവകാശം, അടിസ്ഥാനാവശ്യസങ്ങൾ സ്വായത്തമാക്കാനുള്ള അവകാശം; ഈ അവകാശങ്ങളിൽ ഏതെങ്കിലും ഒന്ന് ഒരാൾക്ക് നിഷേധിക്കപ്പെടുമ്പോൾ, അത് അനീതിയാണ് . അനീതി പല മേഖലകളിലും നമ്മുടെ സ്വതന്ത്ര സമൂഹത്തിൽ വർദ്ധിച്ചുവരികയാണ്. ജാതിവ്യവസ്ഥയെന്ന തിന്മയും സമ്പത്തിന്റെയും അവസരങ്ങളുടെയും അസമമായ വിതരണവും കാരണം, ദരിദ്രരും നിരാലംബരും ആയവർ പലപ്പോഴും ധനികരും ശക്തരും ആയവരാൽ അന്യായമായി ചൂഷണം ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവർണ്ണർ സവർണ്ണരാലും ദരിദ്രർ സമ്പന്നരാലും അടിച്ചമർത്തപ്പെടുന്നു. അടുത്ത കാലത്തായി, നമ്മുടെ രാജ്യത്തെ കോടതികൾ പോലും രണ്ട് തരം നീതിന്യായ വ്യവസ്ഥകൾ പ്രദാനം ചെയുന്നു എന്ന് വ്യക്തമാണ് - ഒന്ന് വരേണ്യ വർഗത്തിനും മറ്റൊന്ന് ദരിദ്രർക്കും ദുർബല വിഭാഗങ്ങൾക്കും.

ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു ഇങ്ങനെ പറഞ്ഞു : "അനീതി നടക്കുന്ന സാഹചര്യങ്ങളിൽ നിങ്ങൾ നിഷ്പക്ഷനാണെങ്കിൽ, നിങ്ങൾ അടിച്ചമർത്തപ്പെടുന്നവന്റെ വശം തിരഞ്ഞെടുക്കുന്നു " .അനീതി എവിടെ കണ്ടാലും അതിനെതിരെ പോരാടാനുള്ള ശക്തി സ്വയം ആർജിച്ച് അനീതിക്കെതിരെ ഉയർന്നു നിൽക്കേണ്ടതിന്റെ ആവശ്യകത ഇന്ന് ഉണ്ട്. മനുഷ്യന്റെ അന്തസ്സിന്റെ മൂല്യം എന്താണെന്ന് മനസ്സിലാക്കി ആ അവബോധത്തിൽനിന്നും നമ്മിൽ വളരേണ്ട ബോധ്യം ആണത് . നീതിക്കായി നിലകൊള്ളുന്നതും പോരാടുന്നതും ഏതാനും മനുഷ്യാവകാശ പ്രവർത്തകർക്ക് മാത്രമായി നീക്കിവച്ചിട്ടില്ല. നാം അനീതി അംഗീകരിക്കാൻ വിസമ്മതിക്കുമ്പോൾ , മറ്റൊരാളുടെ അവകാശം അവർക്ക് നിഷേധിക്കപ്പെടുന്നത് കണ്ടു പ്രതികരിക്കു മ്പോൾ, നീതി ലംഘനം സംബന്ധിച്ച വിഷയങ്ങളിൽ ധൈര്യത്തോടെ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും പ്രതികരിക്കുമ്പോൾ, അടിച്ചമർത്തപ്പെട്ടവരെയും നിരാലംബരായവരെയും പിന്തുണക്കുമ്പോൾ ഓരോ വ്യക്തിയും ഒരു സാമൂഹ്യ പ്രവർത്തകൻ ആകുന്നു. നീതി, അനുകമ്പയും സ്നേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഈ സദ്‌ഗുണങ്ങൾ ധാരാളമായ അളവിൽ ദിവസവും കഴിക്കുക. അങ്ങനെ നമ്മുടെ പ്രതിരോധവ്യവസ്ഥ അനീതിക്കെതിരെ പ്രതിരോധിക്കാനുള്ള ശക്തികേന്ദ്രമാകുന്നു എന്ന് മനസ്സിലാക്കാൻ ആവും . “നമ്മുടെ ലോകത്ത് ദാരിദ്ര്യവും അനീതിയും കടുത്ത അസമത്വവും നിലനിൽക്കുന്നിടത്തോളം കാലം നമുക്കൊന്നും യഥാർത്ഥത്തിൽ വിശ്രമിക്കാൻ കഴിയില്ല,” നെൽസൺ മണ്ടേല പറഞ്ഞു.

(ഇതിന്റെ രണ്ടാം ഭാഗം അടുത്ത ആഴ്ചയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26