വാഷിങ്ടണ്‍ ഡിസി: ആഗോള ജനസംഖ്യയുടെ പകുതിയിലധികം ആളുകള്‍ തങ്ങളുടെ മതവിശ്വാസം കാരണം പീഡനം ഏല്‍ക്കുന്നവരാണെന്ന് മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള 2023-ലെ ലോക റിപ്പോര്‍ട്ട്. പലപ്പോഴും രാഷ്ട്രങ്ങള്‍ നേരിട്ടോ അല്ലെങ്കില്‍ ഭരണകൂട പിന്തുണയുള്ള ഇതര ശക്തികളോ ആണ് മത സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതെന്ന് 'എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' എന്ന സംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാനായി ജൂണ്‍ 22 മുതല്‍ ആരംഭിച്ച ദേശീയ വാരാചരണത്തിന്റെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട് യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതി പുറത്തുവിട്ടത്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ കൂടുതല്‍ മതസ്വാതന്ത്ര്യം അനുഭവിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും പ്രസ്താവനയിലൂടെ മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു.
ലോക ജനസംഖ്യയുടെ 51.6 ശതമാനം ജനങ്ങള്‍ അധിവസിക്കുന്ന ഇരുപത്തിയെട്ട് രാജ്യങ്ങളാണ് ഗുരുതരമായ മതപീഡനം നടക്കുന്ന രാജ്യങ്ങളുടെ 'ചുവന്ന' പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളായ ചൈനയ്ക്കും ഇന്ത്യക്കും പുറമേ നൈജീരിയ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സൊമാലിയ, സൗദി അറേബ്യ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നിക്കരാഗ്വയും സുഡാനുമാണ് പുതുതായി ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍.
കത്തോലിക്കാ പുരോഹിതരെയും സന്യാസ്തരെയെയും അടിച്ചമര്‍ത്തി, തന്റെ അധികാരം ഉറപ്പിക്കാനും എതിരാളികളെ നിശ്ശബ്ദരാക്കാനുമുള്ള പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യപരമായ നടപടികളാണ് നിക്കരാഗ്വയെ 'ഓറഞ്ച്' വിഭാഗത്തില്‍ നിന്ന് അതീവ ഗുരുതമായ 'ചുവപ്പ്' വിഭാഗത്തിലേക്കു മാറ്റാന്‍ കാരണമായത്. ബിഷപ് റൊളാന്‍ഡോ അല്‍വാരിസിനെ 26 വര്‍ഷത്തേക്ക് ശിക്ഷിച്ച് ജയിലിലടച്ചതും അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കിയതുമെല്ലാം ഇതിന് കാരണമായി. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളായ യൂണിവേഴ്‌സിറ്റി, ടെലിവിഷന്‍ റേഡിയോ സ്റ്റേഷനുകള്‍ തുടങ്ങിയവയെല്ലാം ആ രാജ്യത്ത് ദേശസാല്‍ക്കരിക്കപ്പെട്ടു.
മുകളില്‍ സൂചിപ്പിച്ച ഇരുപത്തിയെട്ട് രാജ്യങ്ങളില്‍ ഇരുപത്തിമൂന്ന് രാജ്യങ്ങളിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണുണ്ടായത്. ശേഷിച്ച അഞ്ചു രാജ്യങ്ങളില്‍ മതപീഡനം പഴയതുപോലെതന്നെ നിലനില്‍ക്കുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളിലും തെക്കുപടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലും മതമര്‍ദ്ദനത്തിന്റെ ഭൂരിഭാഗവും സ്വേച്ഛാധിപത്യ ഗവണ്‍മെന്റുകളോ ഇസ്ലാമിക തീവ്രവാദമോ കാരണമാണ്. കിഴക്കന്‍ ഏഷ്യയില്‍, പീഡനങ്ങളില്‍ ഭൂരിഭാഗവും സ്വേച്ഛാധിപത്യ ഭരണകൂടങ്ങളില്‍ നിന്നാണ്. ഇന്ത്യ, മ്യാന്‍മര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഭരണകൂടങ്ങളില്‍ നിന്നും വംശീയവും മതപരവുമായ ദേശീയവാദികളില്‍നിന്നുമാണ് നൂനപക്ഷങ്ങള്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടിവരുന്നത്.
പശ്ചിമാഫ്രിക്കയിലും പാകിസ്ഥാനിലും നിര്‍ബന്ധിത മതപരിവര്‍ത്തനവും ലൈംഗികാതിക്രമങ്ങളും വളരെയധികം നടക്കുന്നുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും ശിക്ഷിക്കപ്പെടാതെ പോവുകയാണ് പതിവ്. ഇതിനെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പൊതുവെ പ്രതികരിക്കാറില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അസഹിഷ്ണുതയില്‍ നിന്ന് ആരംഭിക്കുന്നു
സ്വേച്ഛാധിപതികള്‍, തിരഞ്ഞെടുക്കപ്പെട്ടവരോ അല്ലാത്തവരോ ആകട്ടെ, അസൂയയോടെയും സംശയമനസ്‌കതയോടെയുമാണ് ജനപിന്തുണയുള്ള മതനേതാക്കളെ കാണുന്നത്. അവര്‍ ഈ മത നേതാക്കളെ ഒന്നുകില്‍ അവഗണിക്കുന്നു, അല്ലെങ്കില്‍ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നു. ഇവ രണ്ടും വിജയിക്കാതെ വരുമ്പോള്‍ കൂടുതല്‍ ആക്രമണോത്സുകരായി അവര്‍ക്കെതിരെ തിരിയുന്നു.
ഉദാഹരണമായി, നൈജീരിയയില്‍ സെന്‍സസ് വിവരങ്ങളില്‍ കൃത്രിമം കാട്ടിയാണ് സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ക്രൈസ്തവരുടെ പങ്കിനെ അവഗണിക്കുന്നത്. ഇതിനോടു സദൃശമായി, ഇന്ത്യയിലും ലബനോനിലും രാഷ്ട്ര നിര്‍മ്മിതിയിലുള്ള മതന്യൂനപക്ഷങ്ങളുടെ പങ്കിനെ കുറച്ചു കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഇതുകൂടാതെ, ഫ്രാന്‍സിസ് മാര്‍പ്പാപ്പ പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളതുപോലെ 'മാന്യമായ' മതപീഡനങ്ങള്‍ക്കും വിശ്വാസികള്‍ ഇരയാക്കപ്പെടാറുണ്ട്. അതായത്, രക്തച്ചൊരിച്ചിലുകള്‍ ഒഴിവാക്കി, ചില മതവിശ്വാസികളെ 'രണ്ടാം തരം പൗരന്മാരായി' പരിഗണിച്ച് ഭരണാധികാരികള്‍ ഈ വിധത്തിലുള്ള പീഡനാവസ്ഥ സൃഷ്ടിച്ചെടുക്കുന്നു. ആഗോളതലത്തില്‍ തങ്ങളുടെ പ്രതിഛായക്ക് കോട്ടം തട്ടാതിരിക്കാനാണ് അവര്‍ ഇപ്രകാരം ചെയ്യുന്നത് - റിപ്പോര്‍ട്ട് എഡിറ്റര്‍ മാര്‍സെല സിമാന്‍സ്‌കി വിശദമാക്കി.
തങ്ങളുടെ മതവിശ്വാസത്തെ പ്രതി, പൗരന്മാര്‍ക്കിടയില്‍ വിവേചനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന രാജ്യങ്ങളാണ് 'ഓറഞ്ച്' വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുപ്പത്തിമൂന്ന് രാജ്യങ്ങള്‍. ഇപ്രകാരമുള്ള വിവേചനങ്ങള്‍, പൂര്‍ണ്ണ തോതിലുള്ള മതപീഡനങ്ങള്‍ക്ക് ചിലപ്പോഴൊക്കെ കാരണമായിത്തീരാറുണ്ട്. അതായത്, മതാടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍, അസഹിഷ്ണുതയിലേക്കും അതിന്റെ ഫലമായി മതപീഡനങ്ങളിലേക്കും അവസാനം വംശഹത്യയിലേക്ക് വരെയും ജനങ്ങളെ കൊണ്ടു ചെന്നെത്തിക്കാന്‍ കാരണമായേക്കാം.
മതപീഡനത്തിന്റെ തീവ്രതയനുസരിച്ചുള്ള ചുവപ്പ്, ഓറഞ്ച് വിഭാഗങ്ങളില്‍ പെടുന്നവയല്ലെങ്കിലും റഷ്യ, ഉക്രെയ്ന്‍, ബെലാറൂസ് തുടങ്ങിയ രാജ്യങ്ങള്‍ നിരീക്ഷണത്തിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ, വിവിധ പാശ്ചാത്യ രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള നിയമങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.