അയാള്‍ ആരെന്നത് ഇനി രഹസ്യം; കര്‍ശന നിബന്ധനകളുമായി വിഷു ബംമ്പര്‍ ഭാഗ്യശാലി പണം വാങ്ങി മടങ്ങി

അയാള്‍ ആരെന്നത് ഇനി രഹസ്യം; കര്‍ശന നിബന്ധനകളുമായി വിഷു ബംമ്പര്‍ ഭാഗ്യശാലി പണം വാങ്ങി മടങ്ങി

തിരുവനന്തപുരം: ഈ വര്‍ഷത്തെ വിഷു ബംമ്പര്‍ ലോട്ടറി അടിച്ച ഭാഗ്യവാന്‍ ലോട്ടറി വകുപ്പിന് മുന്നില്‍ കര്‍ശന നിബന്ധനകള്‍ വെച്ച് പണം വാങ്ങി മടങ്ങി. ഇതോടെ വിഷു ബംബര്‍ ഭാഗ്യവാന്‍ ആരെന്ന് ഇനി വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമറിയുന്ന രഹസ്യമായിരിക്കും. ഇയാള്‍ കോഴിക്കോട് സ്വദേശിയാണ് എന്നത് മാത്രമാണ് ലഭിക്കുന്ന ഒരു വിവരം.

കഴിഞ്ഞ ദിവസമാണ് സമ്മാനത്തുകയായ 7.65 കോടി കൈപ്പറ്റാനായി ഭാഗ്യശാലി എത്തിയത്. എന്നാല്‍ തന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിടരുതെന്ന കര്‍ശന നിബന്ധനയാണ് അദ്ദേഹം ലോട്ടറി വകുപ്പിന് മുന്നില്‍ വെച്ചത്. അതുകൊണ്ട് തന്നെ ആ ഭാഗ്യവാന്‍ ആരെന്ന വിവരം ലോട്ടറി വകുപ്പില്‍ മാത്രം ഒതുങ്ങും.

മലപ്പുറം ചെമ്മാട് എന്ന സ്ഥലത്തെ ലോട്ടറി ഷോപ്പില്‍ നിന്നാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ് പോയത്. വിഷു ബംബര്‍ ഫലം വരുന്നതിന് ഒരാഴ്ച മുന്‍പാണ് ഇയാള്‍ ടിക്കറ്റെടുത്തത്. ലോട്ടറി ഏജന്റായ ആദര്‍ശിന്റെ പക്കല്‍ നിന്നാണ് ഭാഗ്യശാലി ടിക്കറ്റെടുത്തത്. എന്നാല്‍ ടിക്കറ്റ് വാങ്ങിയത് ആരെന്ന് മാത്രം ആദര്‍ശിന് ഓര്‍മ്മയുണ്ടായിരുന്നില്ല. ഇയാളുടെ പക്കല്‍ നിന്നെടുത്ത വിഇ 475588 എന്ന നമ്പരിനാണ് 12 കോടി സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് ഫലം അറിഞ്ഞപ്പോള്‍ മുതല്‍ നാട്ടുകാരെല്ലാം ഭാഗ്യവാനെ തിരയുകയായിരുന്നു.

ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ഭാഗ്യവാന്‍ ആരെന്ന് ഒരു വിവരവും ലഭിച്ചില്ല. നടപടികളെല്ലാം തുടക്കം മുതല്‍ ഭാഗ്യശാലി രഹസ്യമായി തന്നെ നടത്തി. തങ്ങളുടെ നാട്ടിലേക്ക് എത്തിയ 12 കോടിയുടെ ഭാഗ്യശാലിയെ കാണാന്‍ ചെമ്മാട് സ്വദേശികള്‍ കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഒടുവില്‍ രഹസ്യമായി എത്തി പണം വാങ്ങി മടങ്ങുകയും ചെയ്തു.

തനിക്ക് മുന്‍പ് ഭാഗ്യവാന്‍മാരായവര്‍ക്കുണ്ടായ ദുരനുഭവത്തില്‍ നിന്ന് രക്ഷപ്പെടാനാണ് പേര് വിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്ന് മാത്രമാണ് ഭാഗ്യശാലി ലോട്ടറി വകുപ്പിനെ അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.