ഷെയ്ഖ് ദർവേഷ് സാഹിബ് സംസ്ഥാന പൊലിസ് മേധാവി; വി. വേണു പുതിയ ചീഫ് സെക്രട്ടറി

ഷെയ്ഖ് ദർവേഷ് സാഹിബ് സംസ്ഥാന പൊലിസ് മേധാവി; വി. വേണു പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബിനെയും, ചീഫ് സെക്രട്ടറിയായി വി. വേണുവിനെയും നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ പൊലിസ് മേധാവി അനിൽകാന്തും ചീഫ് സെക്രട്ടറി വി.പി. ജോയിയും ജൂൺ 30ന് വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ നിയമനം. ജയിൽ മേധാവി കെ. പദ്മകുമാറിനെ മറികടന്നാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ഖ് ദർവേഷ് സാഹിബ് പൊലിസ് മേധാവി സ്ഥാനത്തെത്തുന്നത്.

1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിലവിൽ ഫയർ ആൻറ് റെസ്ക്യൂ വിഭാഗം ഡയറക്ടർ ജനറലാണ്. കേരള കേഡറിൽ എ.എസ്.പിയായി നെടുമങ്ങാട് സർവ്വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസർഗോഡ്, കണ്ണൂർ, പാലക്കാട്, റെയിൽവേസ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാണ്ടൻറ് ആയും പ്രവർത്തിച്ചു. ഗവർണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷൻറെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കിൽ കൊച്ചി സിറ്റി പൊലിസ് കമ്മീഷണറായും ജോലി നോക്കിയിരുന്നു.

തിരുവനന്തപുരം സ്വദേശിയായ ഡോ. വി വേണു കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ആഭ്യന്തരം, വിജിലൻസ്, പരിസ്ഥിതി എന്നിവയുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. 2018ലെ പ്രളയത്തിനു ശേഷം റവന്യു ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവായും പ്രവർത്തിച്ചു.

വിശിഷ്ട സേവനത്തിന് 2016 ൽ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യർഹസേവനത്തിന് 2007 ൽ ഇന്ത്യൻ പോലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷൻസ് പീസ് കീപ്പിങ് മെഡൽ എന്നിവ നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.