'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നടത്താൻ തയ്യാർ: തെരഞ്ഞെടുപ്പ് കമ്മീഷണർ

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നടത്താൻ തയ്യാർ: തെരഞ്ഞെടുപ്പ് കമ്മീഷണർ

ദില്ലി: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ ഇത്തരം ഒരു നീക്കത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനില്‍ അറോറ. ഇതിന് വേണ്ട എല്ലാതരത്തിലുള്ള നിയമ ഭേദഗതികളും വരുത്തിയാല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ ഒരുക്കമാണെന്ന് സുനില്‍ അറോറ പറഞ്ഞു.

നവംബര്‍ മാസത്തിലാണ് ഒരു ഇന്ത്യ, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കണം എന്ന കാര്യം പ്രധാനമന്ത്രി മുന്നോട്ട് കൊണ്ടുവന്നത്. വിവിധ തെരഞ്ഞെടുപ്പുകള്‍ വിവിധ കാലങ്ങളില്‍ നടക്കുന്നത് രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന കാര്യമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. അതിനാല്‍ തന്നെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ കാര്യമായ പഠനം ആവശ്യമാണ് എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് കൊണ്ടുവന്ന പ്രസ്താവന. പുതിയ സംവിധാനം നടപ്പിലാക്കുന്നതില്‍ ഏറ്റവും ഉത്തരവാദിത്വപ്പെട്ട ഏജന്‍സി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന നിര്‍ണ്ണായകമാണ്.  തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുക എന്നത് പുതിയ ആശയമല്ല പലപ്പോഴും ചര്‍ച്ചയില്‍ വന്നിട്ടുള്ള കാര്യമാണ്. 2015ല്‍ ഇഎം സുദര്‍ശന്‍ നാച്ചിയപ്പന്‍ നേതൃത്വം നല്‍കിയ പാര്‍ലമെന്റെ കമ്മിറ്റി ഇത്തരത്തിലുള്ള ഒരു നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. 2018ലെ ലോ കമ്മീഷന്‍ റിപ്പോര്‍ട്ടും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ ഇതിനെതിരാണ്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് പ്രയോഗികമായ ഒരു ആശയമല്ല എന്ന നിലപാടാണ് എടുത്തിട്ടുള്ളത്. അതേ സമയം പ്രധാനമന്ത്രി ഈ ആശയം മുന്നോട്ട് വയ്ക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന് അനുകൂലമായി പ്രതികരിക്കുകയും ചെയ്തതോടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നാ ആശയം സമീപ ദിവസങ്ങളില്‍ സജീവ രാഷ്ട്രീയ ചര്‍ച്ചയായി മാറിയേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.