ന്യൂഡല്‍ഹി: ബിജെപിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയിലും മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സന്ദര്‍ശനത്തില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസും അറിയിച്ചു. വിമര്‍ശിക്കുന്നവര്‍ ആദ്യം മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. പ്രധാനമന്ത്രി ശ്രദ്ധ തിരിക്കാന്‍ നോക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 29, 30 തീയതികളിലാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. മണിപ്പൂര്‍ കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്. പാറ്റ്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഈ വിഷയം ഉയര്‍ന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് കലാപ ബാധിത മേഖല സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മണിപ്പൂരില്‍ കലാപത്തിന് തീവ്രവാദ സംഘങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്നതില്‍ ആശങ്ക കൂടുന്ന സാഹചര്യമാണ്. കലാപം രൂക്ഷമായ ബിഷ്ണുപൂര്‍, സുഗ്‌നു മേഖലകളില്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. കലാപത്തിനിടെ പിടിയിലായവരില്‍ ചിലര്‍ കെ.വൈ.കെ.എല്‍, യു.എന്‍.എല്‍.എഫ് സംഘാംഗങ്ങള്‍ ആണെന്നാണ് വിവരം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും ആഭ്യന്ത്ര മന്ത്രി അമിത് ഷായും തമ്മില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ പ്രധാന വിഷയം മണിപ്പൂര്‍ കലാപമായിരുന്നു. മണിപ്പൂരില്‍ കലാപം തുടരുന്നതിനെ കുറിച്ചാണ് വിദേശ പര്യടനത്തിന് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചത്.
സംസ്ഥാനത്ത് പരസ്പരം പോരടിക്കുന്ന മെയ്തി, കുക്കി വിഭാഗങ്ങളുമായി സമാധാന ചര്‍ച്ച തുടരാനാണ് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങിന് അമിത് ഷാ നല്‍കിയ നിര്‍ദ്ദേശം. പ്രതിഷേധിക്കുന്ന വനിതാ സംഘടന മെയ്ര പെയ്ബിസിനെ ചര്‍ച്ചക്ക് വിളിക്കാനും അമിത്ഷാ നിര്‍ദ്ദേശിച്ചിരുന്നു. വേണ്ടി വന്നാല്‍ അമിത്ഷാ സംഘടനാ പ്രതിനിധികളെ പ്രത്യേകം കാണാനും ആലോചിക്കുന്നുണ്ട്. കൂടുതല്‍ സേനകളെ തല്‍ക്കാലം അയക്കേണ്ടെന്നും നിലവിലെ സേനാവിന്യാസം തൃപ്തികരമാണെന്നുമാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.