പുതിയ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഇന്ന് ചുമതലയേല്‍ക്കും

പുതിയ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറിയായി ഡോ വി. വേണുവും പൊലീസിന്റെ 35-ാമത് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബും ഇന്ന് ചുമതലയേല്‍ക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയും ഡിജിപി അനില്‍ കാന്തും ഇന്ന് വിരമിക്കും. ഇരുവരുടെയും ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് ഇന്ന് വൈകിട്ടു നാലിന് തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ നടക്കും. യാത്രയയപ്പ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

നിലവിലെ ഡിജിപി അനില്‍കാന്ത് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതി ഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ച് സല്യൂട്ട് ചെയ്യും. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ധീരസ്മൃതി ഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം പൊലീസ് സേനയുടെ സല്യൂട്ട് സ്വീകരിക്കും. ശേഷം ഡിജിപിയുടെ ചേംബറിലെത്തി അനില്‍കാന്തില്‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേല്‍ക്കും. തുടര്‍ന്ന് നിലവിലെ സംസ്ഥാന പൊലീസ് മേധാവിയെ പുതിയ മേധാവിയും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരും ചേര്‍ന്ന് യാത്രയാക്കും. 2021 ലാണ് വി.പി ജോയ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്കും അനില്‍കാന്ത് പൊലീസ് മേധാവി സ്ഥാനത്തേക്കും എത്തിയത്.

ഷെയ്ക്ക് ദര്‍വേസ് സാഹിബ് ആന്ധ്രാ സ്വദേശിയാണ്. വിവാദങ്ങളില്ലാത്ത ക്ലീന്‍ ട്രാക്ക് റെക്കോര്‍ഡാണ് ദര്‍വേസ് സാഹിബിനെ പൊലീസിന്റെ തലപ്പത്ത് നിയമിക്കുന്നതില്‍ നിര്‍ണായകമായത് എന്നാണ് റിപ്പോര്‍ട്ട്. 2024 ജൂലൈ വരെ ദര്‍വേസ് സാഹിബിന് സര്‍വീസുണ്ട്. ഒന്നാം പിണറായി സര്‍ക്കാറിന്റെ തുടക്കം മുതല്‍ പ്രധാനപ്പെട്ട പദവികള്‍ വഹിച്ച് വരികയാണ്. ഫയര്‍ഫോഴ്സ് മേധാവിക്ക് പുറമേ വിജിലന്‍സ് ഡയറക്ടര്‍, ക്രൈംബ്രാഞ്ച് മേധാവി, ജയില്‍ മേധാവി തുടങ്ങിയ പദവികളാണ് വഹിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.