വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ വിനോദയാത്രയ്ക്ക് തുടക്കമിട്ട് അമേരിക്കന്‍ കമ്പനി; ലക്ഷ്യം പ്രതിവര്‍ഷം 400 യാത്രകള്‍

വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ വിനോദയാത്രയ്ക്ക് തുടക്കമിട്ട് അമേരിക്കന്‍ കമ്പനി; ലക്ഷ്യം പ്രതിവര്‍ഷം 400 യാത്രകള്‍

ന്യൂമെക്‌സികോ: വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശ വിനോദയാത്രയ്ക്ക് തുടക്കമിട്ട് അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ വെര്‍ജിന്‍ ഗലാക്റ്റിക്. ബ്രിട്ടീഷ് ശതകോടീശ്വരനും വെര്‍ജിന്‍ സ്ഥാപകനുമായ റിച്ചാര്‍ഡ് ബ്രാന്‍സന്റെ നേതൃത്വത്തില്‍ ബഹിരാകാശത്തേക്ക് ആദ്യ യാത്ര നടത്തി രണ്ടു വര്‍ഷം തികയുമ്പോഴാണ് മൂന്ന് വിനോദ സഞ്ചാരികളും മൂന്നു ജീവനക്കാരുമായി ആദ്യത്തെ റോക്കറ്റ് വിമാനം ബഹിരാകാശത്തേക്കു കുതിച്ചത്.

ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം എട്ടു മണിയോടെയാണ് ഗാലക്റ്റിക് 01 എന്ന് വിളിക്കപ്പെടുന്ന ദൗത്യം ആരംഭിച്ചത്. ടേക്ക് ഓഫ് മുതല്‍ ലാന്‍ഡിംഗ് വരെയുള്ള ആദ്യത്തെ വാണിജ്യ ബഹിരാകാശ യാത്രയ്ക്ക് 90 മിനിറ്റ് ദൈര്‍ഘ്യമാണുണ്ടായത്. ദൗത്യം പൂര്‍ത്തിയാക്കി ഒന്‍പതരയോടെ റോക്കറ്റ് തിരികെയെത്തി.



ഇറ്റാലിയന്‍ വ്യോമസേനയില്‍ നിന്നുള്ള കേണല്‍ വാള്‍ട്ടര്‍ വില്ലാഡെ, ഇറ്റാലിയന്‍ വ്യോമസേനയിലെ ഫിസിഷ്യന്‍ ലെഫ്റ്റനന്റ് കേണല്‍ ആഞ്ചലോ ലാന്‍ഡോള്‍ഫി, നാഷണല്‍ റിസര്‍ച് കൗണ്‍സില്‍ ഓഫ് ഇറ്റലിയിലെ എയറോസ്‌പേസ് എന്‍ജിനീയര്‍ പന്തലിയോണ്‍ കാര്‍ലൂച്ചി എന്നിവരാണ് ആദ്യ യാത്രയിലെ സഞ്ചാരികള്‍.

ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയില്‍ നിന്നു 80 കിലോമീറ്റര്‍ ഉയരത്തില്‍ പറന്നാണ് യാത്രികര്‍ ബഹിരാകാശ പരിധിയില്‍ പ്രവേശിച്ചത്. സൂപ്പര്‍സോണിക് റോക്കറ്റ് വേഗം, മൈക്രോ ഗ്രാവിറ്റി, ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ കാഴ്ച തുടങ്ങിയവ യാത്രികര്‍ക്ക് ആസ്വദിക്കാനായി 4.5 ലക്ഷം ഡോളറാണ് ടിക്കറ്റ് നിരക്ക്. ഇതിനകം തന്നെ ഏകദേശം 800 പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്.

ഭൂമിയില്‍ നിന്ന് 80 കിലോമീറ്ററിനപ്പുറം പോകുന്നവരെ നാസയും യുഎസ് എയര്‍ ഫോഴ്‌സും ബഹിരാകാശ സഞ്ചാരികളായാണ് കണക്കാക്കുന്നത്.

റിച്ചാര്‍ഡ് ബ്രാന്‍സണ്‍ 2004-ല്‍ കമ്പനി സ്ഥാപിച്ചതിനുശേഷം ആദ്യമായാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശ യാത്ര നടത്തുന്നത്. പ്രതിവര്‍ഷം 400 യാത്രകള്‍ സംഘടിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍, ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്നിവ ഇതിനകം വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ യാത്രകള്‍ നടത്തുന്നുണ്ട്.

2021 ജൂലൈയില്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘം ബഹിരാകാശത്തേക്ക് യാത്ര ചെയ്തിരുന്നു. ഇന്ത്യന്‍ വംശജയായ സിരിഷ ബന്ദ്‌ലയും സംഘത്തിലുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.