തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്; ഹൈബിയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് നേതാക്കള്‍

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്; ഹൈബിയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് നേതാക്കള്‍

തിരുവനന്തപുരം: തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ ആവശ്യം തള്ളി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്ന നടപടി ഹൈബിയുടെത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വിഷയം ഗൗരവമായി കാണുന്നില്ലെന്ന് നേതൃത്വം പറയുമ്പോഴും ബുധനാഴ്ച ചേരുന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ വിഷയം ഉയര്‍ത്താന്‍ ചില നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം എംപി കൂടിയായ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, അടൂര്‍ പ്രകാശ് എംപി, യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥന്‍ തുടങ്ങിയവരും നിര്‍ദ്ദേശത്തിനെതിരെ രംഗത്തെത്തി. തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റണമെന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ലെന്ന് അടൂര്‍ പ്രകാശ് എംപി ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. അങ്ങനെയൊരു ചര്‍ച്ചയും പാര്‍ട്ടിക്കകത്ത് ഉണ്ടായിട്ടില്ല. തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റുന്നത് പ്രായോഗികമായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈബി കാട്ടിയത് രാഷ്ട്രീയ ബുദ്ധി അല്ലെന്നായിരുന്നു കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പ്രതികരണം. സ്വകാര്യബില്ലില്‍ കേന്ദ്രം സംസ്ഥാനത്തിന്റെ നിലപാട് തേടിയതിന് പിന്നില്‍ രാഷ്ട്രീയ കൗശലമുണ്ട്. നേരത്തേ ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്ത് വേണമെന്ന് സ്വകാര്യ ബില്‍ ഞാന്‍ അവതരിപ്പിച്ചപ്പോള്‍ അക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനത്തിന്റെ നിലപാട് തേടിയില്ല. പക്ഷേ ഹൈബി ഈഡന്റെ സ്വകാര്യ ബില്ലില്‍ കേന്ദ്രം നിലപാട് തേടി. ഇതില്‍ കൗശലമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

തലസ്ഥാനത്തെ സംബന്ധിക്കുന്ന ചര്‍ച്ച ഇപ്പോള്‍ അനാവശ്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥനും വ്യക്തമാക്കി. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായതിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. ഗൗരവമുള്ള മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മാത്രമേ ഈ ചര്‍ച്ച ഉപകരിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷയം ഗൗരവമായി കാണുന്നില്ലെന്ന് നേതൃത്വം പറയുമ്പോഴും ബുധനാഴ്ച ചേരുന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യം ഉയര്‍ത്താന്‍ ചില നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈബി ഈഡന്‍ന്റെ ആവശ്യത്തിനെതിരെ തലസ്ഥാനത്തത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. സമൂഹമാധ്യമങ്ങളിലും പ്രതിഷേധമിരമ്പി.

മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡന്‍ ഈ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി. അടിയന്തരമായി ഇതില്‍ അഭിപ്രായം അറിയിക്കണമെന്നും അതിനുശേഷം മാത്രമേ കേന്ദ്ര സര്‍ക്കാരിന് ഇതില്‍ തുടര്‍ നടപടി സ്വീകരിക്കാനാകൂ എന്നുമായിരുന്നു കത്തിന്റെ ചുരുക്കം. എന്നാല്‍ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് മാറ്റുന്നത് അപ്രായോഗികമാണെന്ന മറുപടിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.