കേന്ദ്ര- സംസ്ഥാന സര്‍ക്കാരുക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുമായി പ്രതിപക്ഷ നേതാവ്

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുമായി പ്രതിപക്ഷ നേതാവ്

കൊച്ചി: ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററും പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള സി.പി.എം നേതാക്കളുടെ സന്തത സഹചാരിയുമായിരുന്ന ജി.ശക്തിധരന്റെ സുപ്രധാനമായ രണ്ട് വെളിപ്പെടുത്തലുകളിലും അടിയന്തിരമായി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കള്ളപ്പണ കടത്തും കെ.പി.സി.സി അധ്യക്ഷനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നുമുള്ള വെളിപ്പെടുത്തലുകളില്‍ കേസെടുക്കാന്‍ തയാറല്ലെങ്കില്‍ കോണ്‍ഗ്രസും യു.ഡി.എഫും നിയമ നടപടികളുമായി മുന്നോട്ട് പോകും.ഹീനമായ ആക്രമണമാണ് സി.പി.എം ശക്തിധരനെതിരെ നടത്തുന്നത്. സി.പി.എം ഇതിനൊക്കെ മറുപടി പറയേണ്ടി വരും.

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണം. വ്യക്തിപരമായ വിവരങ്ങള്‍ ഡാറ്റാ സെക്യൂരിറ്റി ഇല്ലാതെ ഊരാളുങ്കലിനെ ഏല്‍പ്പിച്ചത് എന്തിനെന്ന് അതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ വിശദമാക്കണം. എല്ലാം ഊരാളുങ്കലിന് കൊടുക്കുകയെന്നത് സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണെന്നും അദേഹം പറഞ്ഞു.

ഏക സിവില്‍ കോഡ് സംബന്ധിച്ച് കോണ്‍ഗ്രസിന് ഒരു അവ്യക്തതയുമില്ലെന്നും കഴിഞ്ഞ മാസം 15 ന് ഈ വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.ഏക സിവില്‍ കോഡിനെ ഹിന്ദു- മുസ്ലീം വിഷയമാക്കി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഹിന്ദു ഉള്‍പ്പെടെ വിവിധ ഗോത്ര വര്‍ഗങ്ങളെയും സമുദായങ്ങളെയും ബാധിക്കുന്ന വിഷയമാണിത്.

ഓരോ വിഭാഗങ്ങള്‍ക്കും അവരവരുടേതായ ആചാരങ്ങളും പാരമ്പര്യങ്ങളുമുണ്ട്. കരട് ബില്‍ പോലും ഇതുവരെ വന്നിട്ടില്ല. വന്നാല്‍ എങ്ങനെ നേരിടണമെന്ന് കോണ്‍ഗ്രസിന് നന്നായി അറിയാമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ഭിന്നിപ്പിന് വേണ്ടിയുള്ള അജണ്ടയെ തിരിച്ചറിഞ്ഞ് ഒന്നിച്ച് ചെറുത്ത് തോല്‍പ്പിക്കുന്നതാണ് കോണ്‍ഗ്രസ് നിലപാട്.

കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഹൈബി ഈഡനെ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല. ഈ നിലപാടുമായി മുന്നോട്ട് പോകരുതെന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യവുമായി മുന്നോട്ട് പോകില്ലെന്ന് ഹൈബി ഉറപ്പ് നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഇനിയൊരു വിവാദത്തിന്റെ ആവശ്യമില്ല. തലസ്ഥാനമാക്കാനുള്ള സൗകര്യങ്ങളൊന്നും കൊച്ചിക്കില്ലാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അവസാനിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

പുനര്‍ജനി സംബന്ധിച്ച പരാതി അന്വേഷിക്കേണ്ടത് വിജിലന്‍സല്ലെന്നും ഇ.ഡി അന്വേഷിക്കട്ടെയെന്നും അദേഹം പറഞ്ഞു. അന്വേഷിക്കാന്‍ അധികാരമില്ലാത്ത കേസ് വിജിലന്‍സിനെ ഏല്‍പ്പിച്ചത് പ്രതിപക്ഷ നേതാവിനെ കൂടി ഇ.ഡിക്ക് മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തത്.

മണിപ്പൂരിലെ ജനതയെ കോണ്‍ഗ്രസ് ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും നിലപാട് വ്യക്തമാക്കി. സി.പി.എമ്മുമായി ചേര്‍ന്നുള്ള പ്രക്ഷോഭത്തിന്റെ ഒരു ആവശ്യവുമില്ലെന്നും അല്ലാതെ തന്നെ കോണ്‍ഗ്രസിന് ശക്തിയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.