ദുക്‌റാന തിരുനാളും സഭാ ദിനാഘോഷവും ജൂലൈ മൂന്നിന് മൗണ്ട് സെന്റ് തോമസില്‍ ആഘോഷിക്കും

ദുക്‌റാന തിരുനാളും സഭാ ദിനാഘോഷവും ജൂലൈ മൂന്നിന് മൗണ്ട് സെന്റ് തോമസില്‍ ആഘോഷിക്കും

കൊച്ചി: ക്രിസ്തു ശിഷ്യനും ഭാരതത്തിന്റെ അപ്പസ്‌തോലനുമായ മാര്‍ത്തോമ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മതിരുനാളും സീറോമലബാര്‍ സഭാ ദിനവും സംയുക്തമായി സഭാ കേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആഘോഷിക്കും. തിരുനാള്‍ ദിനമായ ജൂലൈ മൂന്നാം തീയതി രാവിലെ 8.30ന് സഭാ കേന്ദ്രത്തില്‍ പതാക ഉയര്‍ത്തുന്നതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക.

ഒന്‍പത് മണിക്ക് ആരംഭിക്കുന്ന ആഘോഷമായ റാസ കുര്‍ബാനയില്‍ അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം മേജര്‍ സുപ്പീരിയേഴ്‌സും സെമിനാരി റെക്ടര്‍മാരും മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ഇടവക വികാരിമാരും രൂപതകളെയും സന്ന്യാസ സഭകളെയും പ്രതിനിധീകരിച്ചു വരുന്ന വൈദികരും അല്‍മായരും പങ്കുചേരും.

വി. കുര്‍ബാനയ്ക്ക് ശേഷം സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തിന് മുന്നോടിയായി സീറോ മലബാര്‍ സഭയുടെ ഹയരാര്‍ക്കിയുടെ ചരിത്രം അവതരിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. കണ്ണൂര്‍ ലത്തീന്‍ രൂപതയുടെ അധ്യക്ഷനും കോട്ടപ്പുറം രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററുമായ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിതമായതിന്റെ ശതാബ്ദി വര്‍ഷമെന്ന നിലയില്‍ ഇത്തവണത്തെ സഭാ ദിനാചരണത്തിന് കൂടുതല്‍ പ്രാധാന്യവും പങ്കാളിത്തവുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.