തിരുവനന്തപുരം: പനി മരണങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ആശങ്കയോടെ ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള മേഖലകളെ തരം തിരിക്കാന്‍ നടത്തിയ സര്‍വേയില്‍ സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ബാധിത മേഖലകള്‍ ആരോഗ്യ വകുപ്പ് കണ്ടെത്തി.
കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയത്. രണ്ടു ജില്ലകളിലും 20 വീതം ഹോട്‌സ്‌പോട്ടുകളുണ്ട്. ഈ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതയ്ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. കൊല്ലത്ത് അഞ്ചല്‍, കരവാളൂര്‍, തെന്മല, പുനലൂര്‍, കൊട്ടാരക്കര ഉള്‍പ്പെടെ 20 പനി ബാധിത മേഖലകള്‍ ഉണ്ട്. കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്പ്ര എന്നിവയാണ് കോഴിക്കോട് കണ്ടെത്തിയ ഹോട് സ്‌പോട്ടുകള്‍.
തിരുവനന്തപുരത്ത് മാണിക്കല്‍, പാങ്ങപ്പാറ, കിളിമാനൂര്‍, മംഗലപുരം ഉള്‍പ്പെടെ 12 ഡെങ്കിപ്പനി ബാധിത മേഖലകളുണ്ട്. പത്തനംതിട്ട ജില്ലയില്‍ ടൗണ്‍ മേഖലയും സീതത്തോട്, കോന്നി, കടമ്പനാട്, മല്ലപ്പള്ളി മേഖലകളും ഉള്‍പ്പടെ 12 ഹോട്‌സ്‌പോട്ടാണ് കണ്ടെത്തിയത്. ഇടുക്കിയില്‍ വണ്ണപ്പുറവും മുട്ടവും കരിമണ്ണൂരും പുറപ്പുഴയും ഡെങ്കിപ്പനി ബാധിത മേഖലകളാണ്.
കോട്ടയം മുനിസിപ്പാലിറ്റിയില്‍ കേസുകള്‍ കൂടുന്നുണ്ട്. മീനടം, എരുമേലി, പാമ്പാടി, മണിമല തുടങ്ങി 14 ഹോട്‌സ്‌പോട്ടുകളാണ് ജില്ലയിലുള്ളത്. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ഏഴ് ഇടങ്ങള്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ള മേഖലകളാണ്. ഡെങ്കിപ്പനി കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളത്ത് കൊച്ചി കോര്‍പറേഷന്‍ പ്രദേശമുള്‍പ്പെടെ പനിബാധിത മേഖലയാണ്. മലയോര, തീര മേഖലകളിലായ ഒമ്പത് ഹോട്‌സ്‌പോട്ടുകളുണ്ട്.
തൃശൂരില്‍ കോര്‍പറേഷന്‍ പരിധിയില്‍ ഡെങ്കിപ്പനി കൂടുന്നുണ്ട്. ഒല്ലൂരും കേസുകള്‍ കൂടുതലാണ്. പാലക്കാട് നാല് പനിബാധിത മേഖലകള്‍ മാത്രമേയുള്ളൂ. കരിമ്പയും കൊടുവായൂരും പട്ടികയിലുണ്ട്. മലപ്പുറത്ത് 10 എണ്ണമുണ്ട്. മലപ്പുറം ടൗണും എടപ്പറ്റയും കരുവാരക്കുണ്ടും പട്ടികയില്‍ ഉള്‍പ്പെടുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരിയും മീനങ്ങാടിയും ഉള്‍പ്പടെ നാലെണ്ണം മാത്രം. തലശേരിയും പാനൂര്‍ മുനിസിപ്പാലിറ്റിയും കണ്ണൂരിലെ പനിബാധിത മേഖലകളിലുണ്ട്. കാസര്‍കോട് ബദിയടുക്കയില്‍ രോഗികളുടെ എണ്ണം കൂടുകയാണ്. ഇതുള്‍പ്പെടെ അഞ്ച് പനിബാധിത മേഖലകളാണ് ജില്ലയിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.