തിരുവനന്തപുരം: എന്‍സിപിയുടെ ഒരുഭാഗം എന്‍ഡിഎയിലേക്ക് പോയെങ്കിലും കേരളത്തില്‍ പാര്‍ട്ടി ഇടത്പക്ഷത്തിനൊപ്പം തുടരുമെന്ന് സംസ്ഥാന നേതാക്കള്‍. അജിത് പവാറിന്റെ നീക്കം പാര്‍ട്ടിയുടെ മുന്നോട്ടുള്ള നീക്കത്തിന് ഒരു തടസവുമുണ്ടാക്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയും മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കി. 
ബിജെപിക്കെതിരായ പോരാട്ടമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. അജിത് പവാര്‍ അധികാര രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ ഈ നിലപാട് രഹസ്യമല്ലായിരുന്നു. നേരത്തെയും അദ്ദേഹം എന്‍ഡിഎയുമായി സഹകരിക്കുന്നതിനുള്ള ചര്‍ച്ച നടത്തിയിരുന്നതായും ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.
എന്‍സിപി ഇപ്പോള്‍ സ്വീകരിച്ചുവരുന്ന രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ അജിത് പവാറിന് കഴിയുന്നില്ല എന്നതിന്റെ സൂചനയാണ് നിലവിലെ നീക്കം. കേരളത്തെ സംബന്ധിച്ചിടത്തോളം എന്‍സിപി ഇടതുപക്ഷ മുന്നണിയുടെ ഭാഗമായിത്തന്നെ തുടരും. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പിളര്‍പ്പ് മഹാരാഷ്ട്ര ഘടകത്തില്‍ മാത്രമാണ്. അജിത് പവാര്‍ പാര്‍ട്ടിയുടെ നയങ്ങളെ വഞ്ചിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അജിത് പവാര്‍ അധികാരമോഹിയാണെന്ന് പി.സി. ചാക്കോയും പ്രതികരിച്ചു. രാജ്യത്തെ ജനങ്ങളുടെ പിന്തുണയുള്ളത് ശരദ് പവാറിന് മാത്രമാണ്. രാജ്യത്ത് ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കുന്ന വ്യക്തിയാണ് അദ്ദേഹം. ഉദ്ധവ് താക്കറെയുടെയും ശരദ് പവാറിന്റെയും നേതൃത്വത്തിലുള്ള പ്രതിപക്ഷം മഹാരാഷ്ട്രയിലെ ഭരണകക്ഷികളേക്കാള്‍ ശക്തമായ പ്രതിപക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.