ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ നേരിട്ട് ഇടപെട്ട് സുപ്രിം കോടതി. വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം. ഹർജി ജൂലൈ പത്തിന് കോടതി വീണ്ടും പരിഗണിക്കും.
സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ട് വരുന്നതായി മണിപ്പൂർ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വെള്ളിയാഴ്ചക്കകം റിപ്പോർട്ട് നൽകാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. മണിപ്പൂരിലെ ന്യൂനപക്ഷമായ കുക്കി ഗോത്ര വർഗക്കാർക്ക് സൈനിക സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
സംസ്ഥാനത്തെ വംശീയ അക്രമങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ, സേനയുടെ വിന്യാസം, ഭവന രഹിതരും അക്രമ ബാധിതരുമായവരുടെ പുനരധിവാസത്തിനുള്ള നടപടികൾ, ദുരിതാശ്വാസ ക്യാമ്പുകൾ, അവിടെയുള്ള സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് സംഘർഷം തുടരുകയണ്. കഴിഞ്ഞ ദിവസം നാല് പേർ കൊല്ലപ്പെട്ടിരുന്നു. ബിഷ്ണുപൂർ ജില്ലയിലെ കൊയിജുമൻതാപിയിൽ ഞായറാഴ്ച അർധരാത്രിയാണ് സംഭവം. അജ്ഞാതരായ തോക്കു ധാരികളാണ് ഗ്രാമത്തിന് കാവൽ നിന്നിരുന്ന മൂന്ന് പേരെ വെടിവെച്ചു കൊന്നത്. ഒരാളുടെ തലയറുത്തെന്നും പൊലീസ് പറയുന്നു.
അതിനിടെ മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ രണ്ട് മാസമായി തുടരുന്ന ദേശീയപാത ഉപരോധം പിൻവലിക്കുമെന്ന് കുക്കി വിമത ഗ്രൂപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഫാലിനെയും നാഗാലാന്റിലെ ധിമാപൂർ ജില്ലയെയും ബന്ധിപ്പിക്കുന്ന ഹൈവേ മെയ് മൂന്ന് മുതൽ ഉപരോധിച്ചിരുന്നു. അവശ്യവസ്തുക്കൾ എത്തിക്കുന്നതിനാണ് ഉപരോധം ഇപ്പോൾ പിൻവലിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.