പ്രതിസന്ധികളിൽ വിശ്വാസ സ്ഥിരതയോടെ സഭയോടു ചേർന്നു നിൽക്കണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

പ്രതിസന്ധികളിൽ വിശ്വാസ സ്ഥിരതയോടെ സഭയോടു ചേർന്നു നിൽക്കണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലത്തു മാത്രമല്ല പ്രതിസന്ധികളിലും സഹനങ്ങളിലും വിശ്വാസസ്ഥിരതയോടെ സഭയോടു ചേർന്നുനിൽക്കുന്നവരാകണം വിശ്വാസികളെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ക്രിസ്തു ശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനുമായ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിനോടും സഭാദിനത്തോടും അനുബന്ധിച്ച് സീറോ മലബാർ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന വി. കുർബാനയുടെ ആമുഖമായി സംസാരിക്കുകയായിരുന്നു കർദിനാൾ.

"അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം" എന്നു സഹ ശിഷ്യന്മാരോടു പറഞ്ഞ തോമാശ്ലീഹായുടെ ജീവിത മാതൃക പ്രയാസ ഘട്ടങ്ങളിൽ പരാജയ ഭീതിയോടെ പിന്മാറുന്നതിനു പകരം ധീരതയോടെ അവയെ നേരിടാൻ നമ്മെ സഹായിക്കുന്നതാണെന്ന് കർദിനാൾ ഓർമിപ്പിച്ചു. സീറോ മലബാർ ഹയരാർക്കി സ്ഥാപിതമായതിന്റെ ശതാബ്ദി വർഷമെന്ന നിലയിൽ ഇത്തവണത്തെ സഭാ ദിനാചരണത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു.

രാവിലെ 8.30 ന് സീറോ മലബാർ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ സഭാ കാര്യാലയത്തിൽ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന ആഘോഷമായ റാസാ കുർബാനയിൽ കൂരിയാ ബിഷപ്പ് കാർമികത്വം വഹിച്ചു. സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയേഴ്‌സും സെമിനാരികളുടെ റെക്ടർമാരും മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയങ്ങളുടെ വികാരിമാരും രൂപതകളെയും സമർപ്പിത സമൂഹങ്ങളെയും പ്രതിനിധീകരിച്ചുവന്ന ബഹുമാനപ്പെട്ട വൈദികരും സന്ന്യാസിനികളും അൽമായരും വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. ചെറുപുഷ്പ സന്ന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. ജോജോ വരകുകാലയിൽ വചന സന്ദേശം നൽകി.

സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനത്തിന് മുന്നോടിയായി സീറോ മലബാർ സഭ ഹയരാർക്കിയുടെ ചരിത്രമവതരിപ്പിക്കുന്ന ഡോക്കുമെന്ററി പ്രദർശിപ്പിച്ചു. പൊതു സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, മാർ തോമാശ്ലീഹായുടെ പ്രേഷിത പ്രവർത്തിയിൽനിന്ന് ജന്മമെടുത്ത സീറോ മലബാർ സഭ, വിശ്വാസ തീക്ഷണതയോടെ മുന്നേറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

കണ്ണൂർ രൂപതയുടെ അദ്ധ്യക്ഷനും കോട്ടപ്പുറം രൂപതയുടെ അഡ്മിനിസ്ട്രേറ്ററുമായ റൈറ്റ് റവ. ഡോ. അലക്സ് വടക്കുംതല സീറോ മലബാർ സഭാ ദിനം തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിലും ദൈവാനുഗ്രഹത്തിന്റെ കുളിർമഴ കൃപയായി നമ്മിൽ പെയ്തിറങ്ങാൻ ധീര രക്തസാക്ഷിയായ മാർ തോമാശ്ലീഹായുടെ മാധ്യസ്ഥം സഹായിക്കുമെന്ന് ബിഷപ്പ് വടക്കുംതല ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട് സന്ന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സി. ലിസ് ഗ്രേസ് SD, സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി, മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

മണിപ്പൂരിൽ രണ്ടു മാസക്കാലമായി തുടർന്നു കൊണ്ടിരിക്കുന്ന വർഗ്ഗീയ കലാപം അമർച്ച ചെയ്യുന്നതിനും എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സത്വരമായി ഇടപെടണമെന്ന സീറോ മലബാർ സഭയുടെ പ്രമേയം കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം അവതരിപ്പിച്ചു. സീറോ മലബാർ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ 34-ാമത് പുസ്തകമായ 'വർത്തമാന പുസ്തകത്തെക്കുറിച്ചുള്ള പഠനം' ബിഷപ്പ് അലക്സ് വടക്കുംതല പ്രകാശനം ചെയ്തു.

തുടർന്ന് ഇന്റർനെറ്റ് മിഷന്റെ ആഭിമുഖ്യത്തിൽ സീറോ മലബാർ മാട്രിമോണിയുടെ നവീകരിച്ച ലോഗോയുടെയും വെബ്സൈറ്റിന്റെയും മൊബൈൽ ആപ്ലിക്കേഷന്റെയും പ്രകാശന കർമ്മം നടന്നു. ചടങ്ങിന് മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയാ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ സ്വാഗതമാശംസിക്കുകയും ആഘോഷക്കമ്മിറ്റി കൺവീനർ ഫാ. ജോജി കല്ലിങ്ങൽ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. പൊതു സമ്മേളനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. സ്നേഹ വിരുന്നോടു കൂടി സഭാദിന പരിപാടികൾ സമാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.