വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ ജീവിതത്തിനായി സ്വയം സമര്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പയുടെ ജൂലൈ മാസത്തിലെ പ്രാര്‍ത്ഥന നിയോഗം. മാര്‍പ്പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല (വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്‌വര്‍ക്ക്) പുറത്തിറക്കിയ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗത്തിലാണ് ദിവ്യകാരുണ്യം ഓരോ കത്തോലിക്ക വിശ്വാസിയുടെയും ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി നിലനിര്‍ത്തണമെന്ന് പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിച്ചത്.
ദിവ്യബലിയുടെ അവസാനം നിങ്ങള്‍ ദിവ്യബലിയുടെ തുടക്കത്തിലായിരുന്നതു പോലെ യാണെങ്കില്‍, എന്തോ കുഴപ്പമുണ്ടെന്ന് തിരിച്ചറിയണമെന്നു പറഞ്ഞുകൊണ്ടാണ് മാര്‍പ്പാപ്പ ജൂലൈ മാസത്തെ സന്ദേശം ആരംഭിക്കുന്നത്.
'നമ്മെ അഗാധമായി പരിവര്‍ത്തനം ചെയ്യുകയും ദൈവവുമായും സഹോദരങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ക്ഷണിക്കുകയും ചെയ്യുന്ന ദിവ്യകാരുണ്യ ജീവിതം കൈവരിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ പരിശുദ്ധ പിതാവ് വിശ്വാസികളെ പ്രേരിപ്പിച്ചു.
ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ സാന്നിധ്യമുണ്ട്. നമുക്കു വേണ്ടി സ്വയം അര്‍പ്പിക്കുന്നത് ക്രിസ്തുവാണ്. നമ്മുടെ ജീവിതവും നമ്മുടെ സഹോദരീ സഹോദരന്മാരുടെ ജീവിതവും യേശുവിനാല്‍ പരിപോഷിപ്പിക്കാന്‍ അവിടുന്ന് നമ്മെ ക്ഷണിക്കുന്നു. ദിവ്യകാരുണ്യത്തിന്റെ ആഘോഷം ഉയര്‍ത്തെഴുന്നേറ്റ യേശുവുമായുള്ള കൂടിക്കാഴ്ച്ചയാണ്.
ഓരോ പ്രാവശ്യവും പരിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുചേരുമ്പോള്‍, യേശുവിനെ കണ്ടുമുട്ടുകയും അവിടുന്ന് സ്‌നേഹിച്ചതു പോലെ സ്‌നേഹിക്കാന്‍ നമുക്ക് ധൈര്യം പകരുകയും ചെയ്യുന്നു. അതിലൂടെ നമുക്ക് മറ്റുള്ളവരെ കണ്ടുമുട്ടാനും നമ്മില്‍ നിന്നു പുറത്തു വരാനും, മറ്റുള്ളവര്‍ക്കായി നമ്മെത്തന്നെ സ്‌നേഹത്തോടെ തുറന്നു നല്‍കാനും കഴിയുന്നു. മനുഷ്യബന്ധങ്ങളെ ആഴത്തില്‍ രൂപാന്തരപ്പെടുത്തുകയും ദൈവവുമായും സഹോദരീ സഹോദരന്മാരുമായുമുള്ള കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്യുന്ന ദിവ്യകാരുണ്യത്തിന്റെ ആഘോഷം വിശ്വാസികള്‍ തങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.
മാര്‍പാപ്പയുടെ ഇതുവരെയുള്ള പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.