കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം: വീടുകള്‍ തകര്‍ന്നു, കടലില്‍ വീണ് ഒരാളെ കാണാതായി; ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം: വീടുകള്‍ തകര്‍ന്നു, കടലില്‍ വീണ് ഒരാളെ കാണാതായി; ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടവും. നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളില്‍ മരങ്ങള്‍ കടപുഴകി വീണും മണ്ണിടിഞ്ഞുമാണ് ഗതാഗത തടസം ഉണ്ടായത്.

കോഴിക്കോട് വടകര വയല്‍വളപ്പില്‍ സഫിയ എന്ന സ്ത്രീയുടെ വീട് മഴയില്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ മഴ ശക്തമായതോടെ പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. കുരുമ്പന്‍മൂഴി ആദിവാസി കോളനിയില്‍ 350 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഗവി യാത്രയ്ക്ക് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തി. പെരുനാട് പഞ്ചായത്തിലെ അരയാഞ്ഞിലിമണ്‍ മുക്കം കോസ് വേകള്‍ മുങ്ങി. നിരണത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് ഷാജി എന്നയാളുടെ പശു ചത്തു. വെച്ചൂര്‍ ഇടയാഴത്ത് വീട് ഇടിഞ്ഞുവീണു. ഇടയാഴം സ്വദേശി സതീശന്റെ വീടാണ് ഇടിഞ്ഞുവീണത്.വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കനത്ത മഴയില്‍ മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുകയാണ്.

തൃശൂര്‍ പെരിങ്ങാവില്‍ കൂറ്റന്‍ മരം കടപുഴകി റോഡിലേയ്ക്ക് വീണതിനെത്തുടര്‍ന്ന് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഷൊര്‍ണൂര്‍ റോഡിലേയ്ക്ക് കടക്കുന്ന പാതയില്‍ പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. പിന്നാലെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. ഇടുക്കി ലോ റേഞ്ചിലും ഹൈ റേഞ്ചിനും കനത്ത മഴ തുടരുകയാണ്. ഉടുമ്പന്‍ചോല താലൂക്കില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. എറണാകുളത്ത് ക്വാറി അടക്കമുള്ള ഖനന പ്രവര്‍ത്തികള്‍ നിരോധിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. പാലാരിവട്ടത്ത് റോഡിലേയ്ക്ക് മരം വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. മഴ കനത്തതിനെത്തുടര്‍ന്ന് റോഡിലുണ്ടായ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്ക് പരിക്ക്. എറണാകുളം-വൈക്കം പാതയിലാണ് സംഭവം.
ആലപ്പുഴയില്‍ വീടുകളില്‍ വെള്ളം കയറി. 36 വീടുകള്‍ തകര്‍ന്നു. തോട്ടപ്പള്ളിയില്‍ പൊഴിമുറിക്കുന്നതിനിടെ കടലില്‍ വീണ് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി. ബീഹാര്‍ സ്വദേശി രാജ്കുമാറിനെയാണ് കാണാതായത്. വള്ളിക്കുന്നത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് അപകടം. പടയണിവെട്ടം കൊല്ലന്റയത്ത് ജംഗ്ഷനിവാണ് സംഭവം. ഈ സമയം ബൈക്കില്‍ ഇതുവഴി കടന്നുപോവുകയായിരുന്ന ആഞ്ഞിലിവിളയില്‍ ശശിധരനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുനലൂര്‍ കുന്നിക്കോട് വീടിന് മുകളിലേയ്ക്ക് മരം വീണു. ഇന്നലെ രാത്രിയായിരുന്നു സംഭവം. അബ്ദുള്‍ സലാം എന്നയാളുടെ വീടിന് മുകളിലേയ്ക്കാണ് രണ്ട് മരങ്ങള്‍ വീണത്. വീട് ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. കുണ്ടറയിലും സണ്ണി എന്നയാളുടെ വീടിന് മുകളിലേയ്ക്ക് മരം വീണു. ചെങ്കോട്ടപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ട്രാക്കില്‍ മരം വീണ് വൈദ്യുതി ലൈനിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ കൊല്ലം-പുനലൂര്‍ മെമു സര്‍വീസുകള്‍ റദ്ദാക്കി. അഴീക്കലില്‍ കക്ക വാരുന്നതിനിടെ ചെറുവള്ളം മുങ്ങി.  തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു. തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. മഴ കനത്തതോടെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്ക് സാധ്യതയുള്ളതായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പമ്പാ, അച്ചന്‍കോവില്‍, മണിമല നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. കക്കി-ആനത്തോട്, പമ്പാ ഡാമുകളിലെ സംഭരണ ശേഷി തൃപ്തികരമായ അളവിലാണെന്നും മണിക്കൂറുതോറും നിരീക്ഷിച്ചു വരുന്നതായും ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ കാലങ്ങളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിട്ടുള്ള പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.