ഇംഫാല്‍: രണ്ട് മാസത്തിലധികമായി സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍ നേതാവിന്റെ വീടിന് തീവച്ചു. പ്രധാന സംഘര്‍ഷ മേഖലയായ ചുരാചന്ദ്പൂര്‍ ജില്ലയിലെ സോങ്പിയിലാണ് കുക്കി നേതാവായ സെയ്ലന്‍ ഹയോക്കിപ്പിന്റെ വീട്. തിങ്കളാഴ്ച്ച രാത്രി ഒരു സംഘം അക്രമികളെത്തി വീട് കത്തിക്കുകയായിരുന്നു. വീട് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.
അതേസമയം കാംഗ്പോക്പി മേഖലയില്‍ വീണ്ടും വെടിവയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കനത്ത സുരക്ഷ തുടരുന്നതിനിടെയാണ് നേതാവിന്റെ വീടു തന്നെ കത്തിച്ചത്.
കാംഗ്പോക്പിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പില്‍ മൂന്ന് മെയ്‌തേയി വിഭാഗക്കാര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെയും അക്രമികള്‍ വെടിവച്ച് കൊന്നു.
സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥ പരിഹരിക്കാനായി കുക്കി വിഭാഗക്കാരുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞിരുന്നു, 'കുക്കി സമുദായത്തിലെ സഹോദരി, സഹോദരന്‍മാരോട് ഞാന്‍ ടെലിഫോണില്‍ സംസാരിച്ചു. എന്താണ് സംഭവം എന്ന് വിശദീകരിച്ചു. മറക്കാനും ക്ഷമിക്കാനും ഒരുമിച്ച് ജീവിക്കാനുമുള്ള സമയമാണിതെന്ന് ഓര്‍മിപ്പിച്ചു' - എന്നായിരുന്നു നേരത്തെ ബിരേന്‍ സിങ് അറിയിച്ചത്.
മണിപ്പൂരില്‍ മെയ്‌തേയി - കുക്കി ഏറ്റുമുട്ടലുകള്‍ പലഭാഗങ്ങളിലും രൂക്ഷമായി തുടരുകയാണ്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഞായറാഴ്ച നാലുപേരാണ് കൊല്ലപ്പെട്ടത്. മെയ്‌തേയി വിഭാഗക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.