കോട്ടയം: ചങ്ങനാശേരി അതിരൂപതയെ ആത്മീയമായും ഭൗതികമായും വളര്‍ച്ചയുടെ പടവുകളിലൂടെ നയിക്കുന്ന മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് ഇന്ന് 75ന്റെ നിറവില്‍. സിറോ മലബാര്‍ സഭയുടെ പൈതൃകവും പാരമ്പര്യവും ആരാധനാക്രമവും സംരക്ഷിപ്പിക്കാനും പരിപോഷിപ്പിക്കാനും മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സഭയ്ക്ക് മുതല്‍ക്കൂട്ടാണ്.
വിശ്വാസികളെയും വൈദികരെയും സന്യസ്തരെയും സെമിനാരി വിദ്യാര്‍ഥികളെയുമെല്ലാം വ്യക്തിപരമായി സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഇടയന്‍. പ്രവാസി സമൂഹത്തെ തന്റെ ഹൃദയത്തോട് ചേര്‍ത്ത് സ്നേഹിക്കുന്ന പിതാവ്. അവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.
ജനകീയ വിഷയങ്ങളില്‍ ശക്തമായ നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കുക. വിദ്യാഭ്യാസ ബില്ല്, കെ റെയില്‍ വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ പ്രതികരണങ്ങള്‍ കാലഘട്ടത്തിന്റെ പ്രവാചക ശബ്ദമായിരുന്നു. കുട്ടനാട്ടിലെ ജനങ്ങളുമായി ഏറെ ആത്മബന്ധം പുലര്‍ത്തി വരുന്ന പെരുന്തോട്ടം പിതാവ് അവരുടെ ഓരോ ആവശ്യങ്ങളിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നു.
കുട്ടനാട് എപ്പോഴൊക്കയാണോ കരഞ്ഞത് അപ്പോഴെല്ലാം കണ്ണുനീര്‍ തുടയ്ക്കുവാനും പ്രയാസങ്ങളില്‍ ഓടിയെത്തിയ വൈദിക ശ്രേഷ്ഠന്റെ ചിത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. കൊവിഡിന്റെ വേദനയില്‍ കേരളം ഒറ്റപ്പെട്ടപ്പോള്‍ അവിടെയും പിതാവ് നല്‍കിയ സ്വാന്തനം പുതുപ്രതീക്ഷയേകി.
ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മണിപ്പൂര്‍ വിഷയത്തിലും വ്യക്തമായി നിലപാടാണ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വീകരിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഭരണാധികാരികളുടെ ബാധ്യതയാണെന്ന് സധൈര്യം പ്രതികരിച്ച് ബിഷപ്പ് കൂടിയാണ് അദ്ദേഹം. മണിപ്പൂരില്‍ മാത്രമല്ല മറ്റ് പലയിടങ്ങളിലും ക്രൈസ്തവര്‍ പീഡനം അനുഭവിക്കുനെന്ന് തുറന്നു പറയാനും മടി കാണിച്ചില്ല.
വ്യക്തമായി നിലപാടും കൃത്യതയും പിതാവിന്റെ മുഖമുദ്ര. വളരെ ശാന്തമായ പ്രകൃതവും പറയേണ്ട കാര്യങ്ങള്‍ വ്യക്തമായി പറയുവാനും അപരന്റെ വേദനയില്‍ കൈത്താങ്ങാകാനുമുള്ള മനസിന്റെ ഉടമ.
സീറോ മലബാര്‍ സിനഡ് എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന മാര്‍ പെരുന്തോട്ടം കെസിബിസി വൈസ് പ്രസിഡന്റ്, സിബിസിഐ ഡയലോഗ് ആന്‍ഡ് എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മെത്രാന്മാര്‍ സഭയുടെ കാര്യങ്ങളില്‍ മാത്രമല്ല സമൂഹത്തിന്റെ പൊതു വിഷയങ്ങളില്‍ ഇടപെടണമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കപ്പെടുവാന്‍ വേണ്ട ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കണമെന്നുമുള്ള നിലപാടിനുടമ.
75ാം ജന്മദിനം ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കൊപ്പം ചിലവിട്ടും പിതാവ് വ്യത്യസ്തമായ മാത്യകയായി. നെടുംങ്കുന്നം പ്രഷ്യസ് വിദ്യാലയത്തിനായി നിര്‍മിച്ച കെട്ടിടത്തിന്റെ ആശിര്‍വാദവും ചാപ്പലിന്റെ വെഞ്ചരിപ്പും ബിഷപ്പ് നിര്‍വഹിച്ചു.1948 ജൂലൈ അഞ്ചിന് കോട്ടയം ജില്ലയിലെ പുന്നത്തുറയില്‍ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1974 ഡിസംബര്‍ 18ന് പൗരോഹിത്യം സ്വീകരിച്ചു. 2002ല്‍ അതിരൂപതയുടെ സഹായ മെത്രാനായും 2007 മാര്‍ച്ച് 19ന് ആര്‍ച്ച് ബിഷപ്പായും നിയമിതനായി.
അതിരൂപതയുടെ മതബോധന കേന്ദ്രമായ സന്ദേശ നിലയത്തിന്റെയും ക്രിസ്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെയും ഡയറക്ടറായി പ്രവര്‍ത്തിച്ചു. അല്‍മായര്‍ക്ക് വേണ്ടിയുള്ള ദൈവശാസ്ത്ര പഠന കേന്ദ്രമായ മാര്‍ത്തോമാ വിദ്യാനികേതന്റെ സ്ഥാപക ഡയറക്ടറുമാണ് മെത്രാപ്പോലീത്താ. 1983 ഉന്നത വിദ്യാഭ്യാസത്തിനായി റോമിലേക്ക് പോവുകയും സഭാ ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാറയില്‍ സെന്റ് തോമസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. പിന്നീട് സെന്റ് ബര്‍ക്ക്മാന്‍സ് കോളജ് ചങ്ങനാശേരി, സെന്റ് തോമസ് അപ്പോസ്‌തോലിക്ക് സെമിനാരി വടവാതൂര്‍ എന്നിവിടങ്ങളില്‍ നിന്നായി സെക്കുലര്‍ വിദ്യാഭ്യാസവും സെമിനാരി പരിശീലനവും പൂര്‍ത്തിയാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26