മണിപ്പൂരില്‍ സമാധാനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകണം: മാര്‍ പോളി കണ്ണൂക്കാടന്‍

മണിപ്പൂരില്‍  സമാധാനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകണം: മാര്‍ പോളി കണ്ണൂക്കാടന്‍

കെസിബിസി മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി.

കൊച്ചി: മണിപ്പൂരില്‍ കലാപങ്ങള്‍ നിയന്ത്രിക്കാനും സമാധാനം ഉറപ്പാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. മണിപ്പൂര്‍ ജനതയോട് ഐക്യദാര്‍ഢ്യമറിയിച്ച് കെസിബിസിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം കലൂരില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വസ്ഥമായി ജീവിക്കാനാവുന്ന സാഹചര്യമുണ്ടാകേണ്ടത് ഏതൊരു രാജ്യത്തിന്റെയും അടിസ്ഥാന ആവശ്യമാണ്. നമ്മുടെ രാജ്യത്തിന്റെ ശക്തമായ മതേതര സങ്കല്‍പങ്ങള്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഭാരതത്തിന്റെ യശസ് ഉയര്‍ത്തുന്നതാണ്. ഇതിനു വിഘാതമാകുന്ന സംഭവങ്ങളാണ് മണിപ്പുരിലും മറ്റും നടക്കുന്നത്.

മതേതരത്വത്തിന് ഭീഷണിയാവുന്ന ഒരു നടപടികളും സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകരുത്. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ക്രിയാത്മകവും ഉചിതവുമായ ഇടപെടലുകള്‍ അടിയന്തിരമായി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, സീറോ മലബാര്‍ സഭ പിആര്‍ഒ ഫാ. ആന്റണി വടക്കേക്കര, ഫാ.സ്റ്റീഫന്‍ തോമസ് ചാലക്കര, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ഫ്രാന്‍സിസ് മൂലന്‍, ഫാ. ടോണി കോഴിമണ്ണില്‍, ബിജു ജോസി, ബെന്നി ആന്റണി, ലിബിന്‍ മുരിങ്ങത്ത്, സി.ജെ. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.