തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം ഉപാധികളോടെ കോടതി അംഗീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയലാണ് വിധി പറഞ്ഞത്. 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. മൂന്ന് ആഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കണം.
കേസിന്റെ വിചാരണ തീയതി നിശ്ചയിക്കാൻ ചൊവ്വാഴ്ച കോടതി ചേർന്നപ്പോഴാണ് പുനരന്വേഷണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ടുവച്ചത്. മന്ത്രി വി. ശിവൻകുട്ടിയും എൽഡിഎഫ് നേതാക്കളുമാണ് കേസിലെ പ്രതികൾ. നിയമസഭാ കേസ് അവസാനിപ്പിക്കാൻ സുപ്രീം കോടതി വരെ പോയിട്ടും നടക്കാത്തതിനെ തുടർന്നാണ് യുഡിഎഫ് നേതാക്കളെ കൂട്ടി പ്രതിപ്പട്ടികയിൽ ചേർക്കാൻ തുടരന്വേഷണത്തിലൂടെ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.
എട്ടു വർഷം പഴക്കമുള്ള കേസായത് കൊണ്ടാണ് ഉപാധികളോടെ തുടരന്വേഷണത്തിന് അനുമതി നൽകുന്നതെന്നു കോടതി വ്യക്തമാക്കി. കയ്യാങ്കളി കേസിൽ വിവിധ കോടതികൾ പരിഗണിക്കുന്ന ഹർജികൾ ഒരുമിച്ച് പരിഗണിക്കണം എന്ന പ്രതികളുടെ ആവശ്യം ഇതിനു ശേഷമേ പരിഗണിക്കൂ എന്നും കോടതി വ്യക്തമാക്കി. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ വിചാരണ നടപടികൾ നിർത്തി വയ്ക്കണം എന്ന സർക്കാർ ആവശ്യവും കോടതി അനുവദിച്ചു.
മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള കേസുകൾ ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച ഹർജിയിൽ വിധി പറയാനും വിചാരണ തീയതി നിശ്ചയിക്കാനും കോടതി ചൊവ്വാഴ്ച ചേർന്നപ്പോഴാണ് പുനരന്വേഷണം വേണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ടുവച്ചത്. അനുബന്ധ കുറ്റപത്രം സമർപിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
സഭയിലെ കയ്യാങ്കളിക്കിടെ തങ്ങൾക്ക് പരുക്ക് പറ്റിയെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ എംഎൽഎമാരായ ജമീല പ്രകാശവും കെ.കെ.ലതികയും കോടതിയെ സമീപിച്ചിരുന്നു. പരിക്ക് പറ്റിയെന്ന് സാക്ഷ്യപ്പെടുത്തിയ 14 സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ്, ഉപാധികളോടെ തുടരന്വേഷണത്തിന് കോടതി അനുമതി നൽകിയത്. അനുബന്ധ കുറ്റപത്രം സമർപിക്കുന്നത് സംബന്ധിച്ച കോടതി നിർദേശം ഉത്തരവ് പുറത്തു വന്നാൽ മാത്രമേ വ്യക്തമാകൂ.
മന്ത്രി വി.ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.