പൂനെ: മഹാരാഷ്ട്രയിലെ തലേഗാവില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് ബജരംഗ് ദൾ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. സ്‌കൂളില്‍ പ്രഭാത അസംബ്ലിക്കിടെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലിയതിനെതുടര്‍ന്ന് പ്രിന്‍സിപ്പലിനെ ബജരംഗ് ദൾ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലിയെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച രാവിലെ നൂറോളം വരുന്ന സംഘം സ്‌കൂളിലേക്ക് ഇരച്ചുകയറി അക്രമണം നടത്തുകയായിരുന്നു.
പൂനെയിലെ തലേഗാവ് ദബാഡെ ടൗണിലെ ഡി.വൈ പാട്ടീല്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ അലക്‌സാണ്ടര്‍ കോട്‌സ് റീഡിന് നേരെയാണ് ആക്രമണം ഉണ്ടായത്.'ഹര്‍ ഹര്‍ മഹാദേവ്' എന്ന് ആക്രോശിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ പിന്തുടരുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. പ്രിന്‍സിപ്പലിനെ വസ്ത്രങ്ങള്‍ കീറിയ ശേഷവും ആക്രമിക്കുന്നത് വീഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ക്രിസ്ത്യന്‍ വിശ്വാസം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് പ്രിന്‍സിപ്പല്‍ നടത്തുന്നതെന്ന് അക്രമികള്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നിഷേധിച്ചു. പ്രിന്‍സിപ്പലിനെ പിരിച്ചുവിടാന്‍ ബജരംഗ് ദൾ പ്രവര്‍ത്തകര്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ പ്രിന്‍സിപ്പല്‍ അവധിയില്‍ പ്രവേശിച്ചതായാണ് വിവരം.
അതേസമയം സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് തലേഗാവ് പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.