രാജ്യം വിട്ടു പോകണമെന്ന നിക്കരാഗ്വ ഭരണകൂടത്തിന്റെ ആവശ്യം അംഗീകരിച്ചില്ല; ബിഷപ്പ് അല്‍വാരസ് വീണ്ടും ജയിലില്‍

രാജ്യം വിട്ടു പോകണമെന്ന നിക്കരാഗ്വ ഭരണകൂടത്തിന്റെ ആവശ്യം  അംഗീകരിച്ചില്ല; ബിഷപ്പ് അല്‍വാരസ് വീണ്ടും ജയിലില്‍

മനാഗ്വേ: നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം അന്യായമായി തടവിലാക്കിയ കത്തോലിക്കാ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനെ ജയില്‍ മോചിതനാക്കിയതിനു പിന്നാലെ രണ്ടു ദിവസത്തിനകം വീണ്ടും തടവിലാക്കി. രാജ്യം വിട്ടു പോകണമെന്ന സര്‍ക്കാര്‍ നിബന്ധന അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് തിരിച്ചയച്ചത്. ബിഷപ്പ് ജയില്‍ മോചിതനായെന്ന വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് അധികം വൈകാതെ പ്രാദേശിക മാധ്യമങ്ങളാണ് വീണ്ടും തടവിലാക്കിയ വിവരം പുറത്തുവിട്ടത്.

പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയെ നിരന്തരം വിമര്‍ശിക്കുന്നതിന്റെ പേരിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി മതഗല്‍പ രൂപത ബിഷപ്പ് റൊളാന്‍ഡോ അല്‍വാരിസിനെ 26 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്.

ജൂലൈ മൂന്നിന് ബിഷപ്പ് റൊളാന്‍ഡോ ജയില്‍ മോചിതനായിരുന്നു. തലസ്ഥാനത്തെ സഭാ കെട്ടിടത്തില്‍ അദ്ദേഹം ഉണ്ടെന്നും സര്‍ക്കാരും രാജ്യത്തെ കത്തോലിക്കാ ബിഷപ്പുമാരും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും നയതന്ത്ര വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ബിഷപ്പിനെ രാജ്യത്തുനിന്ന് പുറത്താക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അതിന് അദ്ദേഹം വിസമ്മതിച്ചാല്‍ വീണ്ടും ജയിലിലടക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും പേര് വെളിപ്പെടുത്താത്ത നയതന്ത്ര പ്രതിനിധി വ്യക്തമാക്കിയിരുന്നു. മാര്‍പ്പാപ്പ ഉത്തരവിടാതെ മാതൃരാജ്യം വിട്ട് അമേരിക്കയിലേക്ക് പോകാന്‍ ബിഷപ്പ് വിസമ്മതിക്കുകയായിരുന്നു. ദൈവമുമ്പാകെ മനസാക്ഷിയില്‍ എടുത്ത തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച വിട്ടയച്ച ബിഷപ്പ് അല്‍വാരസ് നിക്കരാഗ്വന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ ആസ്ഥാനത്ത് അഭയം പ്രാപിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ബിഷപ്പിനെ അമേരിക്കയിലേക്ക് അയ്ക്കുന്ന വിഷയത്തില്‍ നിക്കരാഗ്വ ഭരണകൂടവും രാജ്യത്തെ സഭാ നേതൃത്വവും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ബിഷപ്പ് അല്‍വാരസ് ജയിലിലേക്കു മടങ്ങാന്‍ നിര്‍ബന്ധിതനായത്. 

പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയുടെ കടുത്ത വിമര്‍ശകനായ ബിഷപ്പ് അല്‍വാരസിനെ രാജ്യദ്രോഹകുറ്റം ചുമത്തിയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചും 2022 ഓഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തോടൊപ്പം നാല് വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അമേരിക്കയിലേക്ക് നാടു കടത്തിയെങ്കിലും അതിന് തയാറാകാത്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിഷപ്പിന് 26 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. ഇതിന് പുറമേ, അല്‍വാരസിന്റെ പൗരത്വവും പൗരാവകാശങ്ങളും എന്നെന്നേക്കുമായി ഇല്ലാതാക്കി.

രാജ്യത്തെ ഏറ്റവും പഴക്കമേറിയതും തിങ്ങിനിറഞ്ഞതുമായ ജയിലുകളിലൊന്നായ 'ലാ മോഡെലോ' എന്നറിയപ്പെടുന്ന ജോര്‍ജ് നവാരോ ജയിലിലാണ് ഇപ്പോള്‍ ബിഷപ്പ് ഉള്ളതെന്നാണ് നിക്കരാഗ്വന്‍ വാര്‍ത്താ മാധ്യമമായ എല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്ന ജയിലാണിത്.

ഒര്‍ട്ടേഗയുടെ സര്‍ക്കാരിനെ സ്വേച്ഛാധിപത്യ ഭരണകൂടം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചതിനെ തുടര്‍ന്ന് നിക്കരാഗ്വ സര്‍ക്കാരും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.

ബിഷപ്പ് അല്‍വാരസിനെ സന്ദര്‍ശിക്കാന്‍
അഭ്യര്‍ഥനയുമായി
യുഎസ് കോണ്‍ഗ്രസ് അംഗം

തടവില്‍ കഴിയുന്ന മതഗല്‍പ ബിഷപ്പ് ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനെ സന്ദര്‍ശിക്കാനുള്ള തന്റെ അഭ്യര്‍ഥന ആവര്‍ത്തിച്ച് യുഎസ് കോണ്‍ഗ്രസ് അംഗം 'ക്രിസ്' സ്മിത്ത്. നിക്കരാഗ്വയിലെ കത്തോലിക്കാര്‍ക്കെതിരായുള്ള പീഡനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂജേഴ്സിയില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗമാണ് സ്മിത്ത്.

ജൂലൈ 6-നു പുറത്തിറക്കിയ പ്രസ്താവനയില്‍, ബിഷപ്പ് റൊളാന്‍ഡോ ജോസ് അല്‍വാരസിന്റെ സുരക്ഷയിലും ക്ഷേമത്തിലും തനിക്ക് വളരെയധികം ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അതിനാല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിനുള്ള ആഗ്രഹം അദ്ദേഹം വീണ്ടും അറിയിച്ചു.

മാതൃരാജ്യത്തിനെതിരെ രാജ്യദ്രോഹം ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ട ബിഷപ്പ് അല്‍വാരസ്, ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ പീഡനത്തിന് ഇരയാണെന്നു സ്മിത്ത് ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യം വിട്ടുപോകാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് വീണ്ടും ജയിലിലേക്ക് അയയ്ക്കപ്പെട്ടിരിക്കുകയാണ് ബിഷപ്പെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂണ്‍ അഞ്ചിന് അയച്ച കത്തിിലൂടെ ബിഷപ്പ് അല്‍വാരസിനെ സന്ദര്‍ശിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ഒര്‍ട്ടേഗയോട് സ്മിത്ത് ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.