തിരുവനന്തപുരം: പ്രശസ്ത കവയിത്രിയും സാമൂഹിക-പാരിസ്ഥിതിക പ്രവര്‍ത്തകയുമായ സുഗതകുമാരി അന്തരിച്ചു. 86 വയസ്സായിരുന്നു. കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ 10.52ഓടെയായിരുന്നു അന്ത്യം. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിയ്ക്ക് ശ്വാസതടസ്സം ഉണ്ടായിരുന്നു. ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചിരുന്നു.
അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിവ നടത്തിയിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 'തളിര്' എന്ന മാസികയുടെ ചീഫ് എഡിറ്റര്‍, പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1996ൽ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷയായിരുന്നു.
കവിത മനുഷ്യ ദു:ഖങ്ങൾക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയാണ് വിടവാങ്ങിയത്. നിലപാടുകൾ കൊണ്ട് എക്കാലവും തലയുയർത്തി നിന്ന് പെൺകരുത്തിന്റെ പ്രതീകമായി സുഗതകുമാരി ഓർക്കപ്പെടും. സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയർത്തി. മറ്റുള്ളവരുടെ നന്മകളെ ചൂണ്ടികാട്ടുവാനും പ്രശംസിക്കുവാനും സുഗതകുമാരി ടീച്ചർ മറന്നില്ല.
മുത്തുച്ചിപ്പി (1961),പാതിരാപ്പൂക്കള്‍ (1967),പാവം മാനവഹൃദയം (1968),ഇരുള്‍ ചിറകുകള്‍ (1969),രാത്രിമഴ (1977), അമ്പലമണി (1981),കുറിഞ്ഞിപ്പൂക്കള്‍ (1987),തുലാവര്‍ഷപ്പച്ച (1990),രാധയെവിടെ (1995), കൃഷ്ണകവിതകള്‍ എന്നിവയാണ് പ്രധാനകൃതികള്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ്, ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്കാരം, ആശാന്‍ സ്മാരക സമിതി അവാര്‍ഡ്, വിശ്വദീപം അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, ജന്മാഷ്ടമി പുരസ്കാരം, എഴുകോണ്‍ ശിവശങ്കരന്‍ സാഹിത്യ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്(2003), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്(2004),ബാലാമണിയമ്മ അവാര്‍ഡ്(2004),പത്മശ്രീ പുരസ്കാരം(2006),പ്രകൃതിസംരക്ഷണ യത്നങ്ങള്‍ക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്,സാമൂഹിക സേവനത്തിനുള്ള ജെംസെര്‍വ് അവാര്‍ഡ്,എഴുത്തച്ഛന്‍ പുരസ്കാരം(2009 ),സരസ്വതി സമ്മാന്‍(2012) തുടങ്ങി 20 ഓളം പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.