ക്രൈസ്തവരെ അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ പ്രതിഷേധമേറുന്നു; ഗോവിന്ദന്‍ മാപ്പു പറയണം: ഇരിങ്ങാലക്കുട രൂപത

 ക്രൈസ്തവരെ അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ പ്രതിഷേധമേറുന്നു; ഗോവിന്ദന്‍ മാപ്പു പറയണം: ഇരിങ്ങാലക്കുട രൂപത

തൃശൂര്‍: ഇംഗ്ലണ്ടിലെ പള്ളികള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും വൈദികരും കന്യാസ്ത്രീകളും ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട്‌സമരത്തിലാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധമേറുന്നു.

ക്രൈസ്തവരെയും വൈദിക, സന്യാസ ജീവിതത്തെയും അവഹേളിച്ച എം.വി ഗോവിന്ദന്‍ മാപ്പ് പറഞ്ഞു പരാമര്‍ശം പിന്‍വലിക്കണമെന്ന് ഇരിങ്ങാലക്കുട രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പുറത്തിറക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സഭയുടെ അവസ്ഥയെപ്പറ്റിയല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തെപ്പറ്റിയാണ് എം.വി ഗോവിന്ദന്‍ ആശങ്കപ്പെടേണ്ടത്. ഭരണ രംഗത്തെ പരാജയങ്ങള്‍ മൂടിവയ്ക്കാനും ജനശ്രദ്ധ തിരിക്കാനും വേണ്ടി ക്രൈസ്തവരെ അവഹേളിച്ചത് പൊതുസമൂഹം തിരിച്ചറിഞ്ഞു. ക്രൈസ്തവ സമൂഹത്തെ ഇനിയും അവഹേളിക്കരുതെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

നാട്ടുകാരായ വിശ്വാസികള്‍ പള്ളികളില്‍ പോകാതായതോടെ ഇംഗ്ലണ്ടില്‍ പള്ളികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്നയിരുന്നു എം.വി ഗോവിന്ദന്‍ പറഞ്ഞത്. ആറരക്കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും അവിടെ കന്യാസ്ത്രീകളുടെ സേവനം തൊഴില്‍ പോലെയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ നവീകരിച്ച ഹാളുകള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് തന്റെ ഇംഗ്ലണ്ട് യാത്രാനുഭവങ്ങള്‍ എം.വി ഗോവിന്ദന്‍ പങ്കുവച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.