ഖർത്തൂം: സുഡാനിൽ ആഭ്യന്തരകലാപം തുടരുന്നു. ശനിയാഴ്ച സുഡാനിലെ ഒംദുർമാനിലെ ഡാർ എസ് സലാം നഗരത്തിലുണ്ടായ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. മൂന്ന് മാസത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ വ്യോമാക്രമണങ്ങളിലൊന്നാണിതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. മന്ത്രാലയം പുറത്തുവിട്ട വീഡിയോയിൽ മൃതദേഹങ്ങൾ ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞ നിലയിൽ നിലത്ത് കിടക്കുന്നതും ആളുകൾ മരിച്ചവരെ പുറത്തെടുക്കാൻ ശ്രമിക്കുന്നതും പരിക്കേറ്റവരെ സഹായിക്കുന്നതും കാണാം.
സുഡാൻ സൈന്യവും അർധ സൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലാണ് ഏറ്റുമുട്ടൽ. കഴിഞ്ഞ മാസം ഖർത്തൂമിൽ നടന്ന വ്യോമാക്രമണത്തിൽ അഞ്ചു കുട്ടികൾ അടക്കം 17 പേർ കൊല്ലപ്പെട്ടിരുന്നു. ജനറൽ അബ്ദുൽ ഫത്താഹ് ബുർഹാൻ അധ്യക്ഷനായ സൈന്യവും ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോയുടെ നേതൃത്വത്തിലുളള അർധ സൈനിക സേനയും തമ്മിലുളള സംഘർഷം ഏപ്രിൽ പകുതിയോടെ ആഭ്യന്തര കലാപമായി മാറുകയായിരുന്നു.
ഏറ്റുമുട്ടലിൽ മൂവായിരത്തിലധികം പേർ കൊല്ലപ്പെടുകയും ആറായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യമന്ത്രി ഹൈതം മുഹമ്മദ് ഇബ്രാഹിം പറഞ്ഞിരുന്നു. യുഎൻ കണക്കുകൾ പ്രകാരം 2.9 ദശലക്ഷത്തിലധികം ആളുകൾ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് സുഡാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയോ അയൽ രാജ്യങ്ങളിലേക്ക് കടക്കുകയോ ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.