തെക്ക് പിടിക്കാന്‍ തട്ടകം മാറ്റുന്നു: തമിഴ്‌നാട്ടില്‍ മോഡി മത്സരിക്കുമെന്ന് അഭ്യൂഹം; കന്യാകുമാരിയും കോയമ്പത്തൂരും സാധ്യതാ പട്ടികയില്‍

തെക്ക് പിടിക്കാന്‍ തട്ടകം മാറ്റുന്നു: തമിഴ്‌നാട്ടില്‍ മോഡി മത്സരിക്കുമെന്ന് അഭ്യൂഹം; കന്യാകുമാരിയും കോയമ്പത്തൂരും സാധ്യതാ പട്ടികയില്‍

ചെന്നൈ: തെക്കേ ഇന്ത്യ ലക്ഷ്യമിട്ട് നരേന്ദ്ര മോഡിയെ തമിഴ്‌നാട്ടില്‍ മത്സരിപ്പിക്കാന്‍ ബിജെപി നീക്കം. കന്യാകുമാരിയോ കോയമ്പത്തൂരോ മോഡി മത്സരിക്കുമെന്നാണ് പ്രചാരണം. എന്നാല്‍ ഇക്കാര്യം ബിജെപി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കോയമ്പത്തൂരില്‍ കഴിഞ്ഞ തവണ 1,79,143 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത് സിപിഎം ആണ്. കന്യാകുമാരിയില്‍ കോണ്‍ഗ്രസും. 1,37,950 വോട്ടായിരുന്നു ഭൂരിപക്ഷം. രണ്ടിടത്തായാലും കേരളവുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ സംസ്ഥാനത്തും പ്രതിഫലനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

ആറുമാസങ്ങള്‍ക്ക് മുമ്പാണ് പ്രചാരണത്തിനടിസ്ഥാനമായ പരാമര്‍ശം ഉണ്ടാവുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇത് സംബന്ധിച്ചൊരു സൂചന നല്‍കിയിരുന്നു. രാമനാഥപുരത്ത് നരേന്ദ്ര മോഡി മത്സരിക്കാന്‍ സാധ്യതയുണ്ട് എന്ന പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

പക്ഷേ രാമേശ്വരം അടങ്ങുന്ന രാമനാഥപുരത്ത് ബിജെപിക്ക് വലിയ രീതിയില്‍ വേരോട്ടമില്ല. അതുകൊണ്ട് തന്നെ മറ്റ് രണ്ട് മണ്ഡലങ്ങളായ കന്യാകുമാരിയും കോയമ്പത്തൂരും പരിഗണിക്കുന്നു എന്ന് പ്രധാനപ്പെട്ട ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാണ് മോഡി തമിഴ്‌നാട്ടിലേക്കെന്ന അഭ്യൂഹം ശക്തമാവാന്‍ കാരണം.

വടക്കേ ഇന്ത്യയില്‍ ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ല. അതിനാല്‍ തെക്ക് സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടതുണ്ട്. അതിന് 39 ലോക്‌സഭാ സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ മോഡി മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്ക്കൂട്ടല്‍.

കാശി-കന്യാകുമാരി സംഗമം, ചെങ്കോല്‍ ദില്ലിയിലെത്തിച്ച് പാര്‍ലമെന്റില്‍ സ്ഥാപിച്ചത് തുടങ്ങി തമിഴ്‌നാടിന് ശ്രദ്ധ നല്‍കുന്ന നിരവധി പദ്ധതികള്‍ മോഡി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. ഇന്നലെ തന്നെ മൂന്ന് കേന്ദ്രമന്ത്രിമാര്‍ തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന ജെല്ലിക്കെട്ടില്‍ മോഡി പങ്കെടുത്തേക്കുമെന്ന് സൂചനകളും തട്ടക മാറ്റത്തിന്റെ ഭാഗമാണ്.

കന്യാകുമാരിയില്‍ നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥി പൊന്‍ രാധാകൃഷ്ണന്‍ വിജയിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ നാല് ലക്ഷത്തോളം വോട്ടുകള്‍ നേടാന്‍ കഴിയുന്ന മണ്ഡലമാണെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഈ മണ്ഡലങ്ങള്‍ ചര്‍ച്ചയിലേക്ക് വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.