ലോക സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പ ഫാത്തിമയിലേക്ക്

ലോക സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പ ഫാത്തിമയിലേക്ക്

വത്തിക്കാൻ സിറ്റി: ലോകസമാധാനത്തിനു വേണ്ടിയും പ്രത്യേകമായി ഉക്രെയ്ൻ യുദ്ധം അവസാനിക്കുന്നതിനുവേണ്ടിയുംപരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ഫാത്തിമയിലേക്ക്. ലോക യുവജന സംഗമത്തിൽ പങ്കെടുക്കാനായി ഓഗസ്റ്റ് ആദ്യവാരം പോർച്ചുഗലിലെത്തുന്ന പാപ്പാ, ഓഗസ്റ്റ് 5 ശനിയാഴ്ചയാണ് ഫാത്തിമ സന്ദർശിക്കുന്നത്.

ഉക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിനും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ തുടർന്നുകൊണ്ടിരിക്കുന്നതും എന്നാൽ അന്താരാഷ്ട്ര സമൂഹത്താൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ മറ്റു യുദ്ധങ്ങൾക്കും അറുതി വരുത്താൻ പാപ്പാ ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കും.

ഫാത്തിമയിലേക്കുള്ള ഈ ഹ്രസ്വ സന്ദർശന പരിപാടി, റഷ്യൻ പട്ടാളത്തിന്റെ ആക്രമണം മൂലം ഭീകര ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഉക്രെയ്ൻ ജനതയോടുള്ള പരിശുദ്ധ പിതാവിന്റെ സ്നേഹവായ്പ്പിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. യുദ്ധം ആരംഭിച്ച്‌ ഒരു മാസമായപ്പോൾ റഷ്യയേയും ഉക്രെയ്‌നേയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചുകൊണ്ട് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പാപ്പാ പ്രത്യേക പ്രാർത്ഥനാശുശ്രൂകൾ നടത്തിയിരുന്നു.

ഇത് രണ്ടാം തവണയാണ് ഫ്രാൻസിസ് പാപ്പാ ഫാത്തിമാ സന്ദർശിക്കുന്നത്. 2017 മെയ് മാസത്തിൽ, പരിശുദ്ധ അമ്മ ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിയാഘോഷവേളയിൽ, പാപ്പാ ഫാത്തിമ സന്ദർശിക്കുകയും മരിയൻ ദർശനത്തിന് ഭാഗ്യം ലഭിച്ച ഫ്രാൻസിസ്കോ, ജസീന്ത എന്നീ കുട്ടികളെ വിശുദ്ധരായി നാമകരണം ചെയ്യുകയും ചെയ്തിരുന്നു. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനും ലോകമെങ്ങും സമാധാനം പുലരുന്നതിനുമായുള്ള പാപ്പായുടെ തീവ്രമായ ആഗ്രഹത്തെയാണ് ഇത്തവണത്തെ സന്ദർശനം വെളിപ്പെടുത്തുന്നത്.

1917 മേയ് 13 ന് ഫാത്തിമായിൽ ഫ്രാൻസിസ്കോ, ജസീന്ത, ലൂസിയ എന്നീ ഇടയക്കുട്ടികൾ ജപമാല ചൊല്ലി പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോഴാണ് പരിശുദ്ധ അമ്മ അവർക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പശ്ചാത്തപിക്കണമെന്നും ലോകത്തിന്റെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമെന്നും അമ്മ അവരോട് ആവശ്യപ്പെട്ടു. ആ വർഷം ഒക്ടോബർ 13 വരെ എല്ലാ മാസവും 13-ാം തിയതികളിൽ പരിശുദ്ധ അമ്മ അവർക്കു പ്രത്യക്ഷപ്പെട്ടു. റഷ്യയുടെ മാനസാന്തരത്തിനായി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഈ ദർശന വേളകളിൽ പരിശുദ്ധ അമ്മ അവരോട് ആവശ്യപ്പെടുകയുണ്ടായി.

ഫാത്തിമയിലെ പ്രത്യക്ഷീകരണങ്ങളുടെ കാലം മുതൽ തുടർന്നിങ്ങോട്ടുള്ള എല്ലാ മാർപ്പാപ്പാമാരോടും ഫാത്തിമയും അവിടെ നൽകപ്പെട്ട സന്ദേശങ്ങളും സവിശേഷമായ വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ലോകസമാധാനത്തിന് വലിയ ഭീഷണികൾ ഉയർന്ന അവസരങ്ങളിലെല്ലാം ഫാത്തിമയിലെ സമാധാനരാജ്ഞിയുടെ സന്നിധിയിൽ മാർപ്പാപ്പാമാർ എത്തിച്ചേർന്ന് പ്രാർത്ഥിക്കുകയും സമാധാനത്തിനായുള്ള ആഹ്വാനം ലോകത്തിന് നൽകുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.