ലിസ്ബണ്‍: ചില ദൈവനിയോഗങ്ങള്‍ എത്ര വൈകിയാലും നമ്മെ തേടിയെത്തും. എത്ര തിരിച്ചടികള്‍ നേരിട്ടാലും ആ ദൈവനിയോഗം തിരിച്ചറിയുമ്പോള്‍ അതുവരെയുള്ള പാപക്കറകളെല്ലാം നീങ്ങി ജീവിതം പ്രതീക്ഷാനിര്‍ഭരമാകും. അതിന് ഉദാഹരണമാണ് പെഡ്രോ സില്‍വ എന്ന 50-കാരന്റെ ജീവിതം. മധ്യവയസില്‍ എത്തിനില്‍ക്കുമ്പോള്‍ തിരിച്ചറിഞ്ഞ ദൈവനിയോഗത്തെ നന്ദിയോടെ ഏറ്റെടുക്കുകയാണ് പോര്‍ച്ചുഗീസ് സ്വദേശിയായ പെഡ്രോ സില്‍വ.
മയക്കുമരുന്ന് കടത്തിന്റെ പേരില്‍ ആറു വര്‍ഷത്തെ ജയില്‍ വാസത്തില്‍ കഴിയുന്ന പെഡ്രോ സില്‍വ ഏറ്റെടുത്തിരിക്കുന്ന ഉദ്യമം എന്തെന്ന് അറിഞ്ഞാല്‍ പാപഭാരത്താല്‍ കഴിയുന്ന ഒരുപാട് പേര്‍ക്ക് തിരിച്ചറിവിനുള്ള പ്രചോദനമേകും. ഓഗസ്റ്റ് ഒന്നു മുതല്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തോടനുബന്ധിച്ച് അവിടെ എത്തുന്ന തീര്‍ഥാടകര്‍ക്ക് കുമ്പസാരിക്കുന്നതിനായി കുമ്പസാരക്കൂടുകള്‍ നിര്‍മ്മിക്കുകയാണ് ഇദ്ദേഹം.
താന്‍ ചെയ്ത് തെറ്റിന്റെ ആഴം മനസിലാക്കി പശ്ചാത്തപിക്കുന്ന പെഡ്രോ സില്‍വ മറ്റുള്ളവരെയും തിരിച്ചറിവിന്റെ പ്രകാശത്തിലേക്കു സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയാണ്. മറ്റ് നാല് തടവുകാരുമായി ചേര്‍ന്ന് ലോക യുവജന ദിനത്തിനായി ഏകദേശം അന്‍പതോളം കുമ്പസാരക്കൂടുകള്‍ സില്‍വ നിര്‍മ്മിച്ചുകഴിഞ്ഞു.
റീസൈക്കിള്‍ ചെയ്ത തടിയില്‍ നിന്ന് സില്‍വ നിര്‍മ്മിച്ച കുമ്പസാരക്കൂടുകള്‍
'ദൈവം എപ്പോഴും എന്നോടൊപ്പമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവിടുന്ന് നമ്മെ കൈവിടുന്നില്ല. അതിനാല്‍ നാം പ്രതീക്ഷ നഷ്ടപ്പെടുത്തരുത്' - ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ പോകുന്നുവെന്ന് വിശ്വസിക്കുന്ന ഒരാളുടെ സന്തോഷത്തോടെ സില്‍വ പറയുന്നു. തടവുശിക്ഷ അവസാനിക്കാനിരിക്കെയാണ് ലോക യുവജന സമ്മേളനത്തിന്റെ ഒരുക്കമായി കുമ്പസാരക്കൂടുകള്‍ നിര്‍മ്മിക്കുന്നത്.
ജയിലില്‍ ആയിരിക്കുമ്പോഴാണ് സില്‍വ, കാത്തലിക് ന്യൂസ് ഏജന്‍സിക്ക് അഭിമുഖം നല്‍കുന്നത്. തടവിന് ശേഷം താന്‍ ഏറ്റെടുക്കുന്ന ആദ്യത്തെ ദൗത്യത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. സില്‍വ ഒരു സന്നദ്ധപ്രവര്‍ത്തകനായി യുവജന സമ്മേളനത്തില്‍ പങ്കെടുക്കുകയും ലിസ്ബണ്‍ ജില്ലയിലെ ടാഗസ് നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ബെലേം എന്ന സ്ഥലത്ത് തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ''റീക്കണ്‍സിലിയേഷന്‍ പാര്‍ക്കില്‍'' കുമ്പസാരക്കൂടുകള്‍ സ്ഥാപിക്കാന്‍ സഹായിക്കുകയും ചെയ്യും.
WYD ലിസ്ബണ്‍ 2023 ഫൗണ്ടേഷനും ഡയറക്ടറേറ്റ്-ജനറല്‍ ഫോര്‍ റീഇന്‍സേര്‍ഷന്‍ ആന്‍ഡ് പ്രിസണ്‍ സര്‍വീസസും തമ്മിലുള്ള ഉടമ്പടിയെ തുടര്‍ന്ന് മൂന്ന് പോര്‍ച്ചുഗീസ് ജയിലുകളിലായി 150 കുമ്പസാരക്കൂടുകളാണ് നിര്‍മ്മിച്ചത്.
യാദൃശ്ചികമെന്നോണം ബെലേമിലെ ജെറോനിമോസ് മൊണാസ്ട്രിയിലെ പള്ളിയിലാണ് സില്‍വ 12 വയസുള്ളപ്പോള്‍ സ്‌നാനം സ്വീകരിച്ചത്. അവനോ അവന്റെ 12 സഹോദരന്മാരോ ശിശുക്കളായി സ്‌നാനം ഏറ്റിട്ടില്ല. മതബോധനത്തിലും പങ്കെടുത്തിട്ടില്ല.
മാതാപിതാക്കളില്ലാത്ത സില്‍വയുടെ കുട്ടിക്കാലം സങ്കീര്‍ണമായിരുന്നു. മുത്തശ്ശിയുടെ പരിചരണത്തിലാണ് അവന്‍ കഴിഞ്ഞത്. തന്റെ അധ്യാപകന്‍ ക്ലാസ് മുറിയില്‍ ചോദിച്ച ഒരു ചോദ്യം സില്‍വ ഇന്നും ഓര്‍ക്കുന്നുണ്ട്. 'ആരാണ് ഇപ്പോഴും സ്‌നാനമേല്‍ക്കാത്തത്?' ക്ലാസില്‍ സില്‍വ മാത്രം കൈപൊക്കി. തുടര്‍ന്ന് മാമോദീസ സ്വീകരിച്ചിട്ടും സില്‍വ സഭയുമായി ബന്ധപ്പെട്ടിരുന്നില്ല.
പ്രായപൂര്‍ത്തിയായപ്പോള്‍, കുറച്ച് വര്‍ഷങ്ങള്‍ അര്‍ജന്റീനയില്‍ സില്‍വ താമസിച്ചിരുന്നു. അന്ന് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം ഉണ്ടായതിനെക്കുറിച്ച് അദ്ദേഹം അഭിമുഖത്തിനിടെ പറഞ്ഞു.
'ബ്യൂണസ് അയേഴ്‌സില്‍ താമസിച്ചിരുന്ന എന്റെ സഹോദരിക്കും അവരുടെ ഭര്‍ത്താവിനും ഒപ്പം താന്‍ അവിടെയുള്ള കത്തീഡ്രലില്‍ പോയി, ഞങ്ങള്‍ കുര്‍ബാനയില്‍ പങ്കെടുത്തു. അന്നത്തെ കര്‍ദിനാള്‍ ജോര്‍ജ് ബെര്‍ഗോഗ്ലിയോ ആയിരുന്നു കുര്‍ബാനയ്ക്കു നേതൃത്വം നല്‍കിയത്. അതായത് സാക്ഷാല്‍ ഇന്നത്തെ മാര്‍പ്പാപ്പ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, തനിക്ക് മാര്‍പ്പാപ്പയുടെ കൂടെ ആയിരിക്കാനുള്ള ഭാഗ്യം ലഭിച്ചു! അന്നു മുതല്‍ പരിശുദ്ധ പിതാവിനെ ഞാന്‍ ശരിക്കും ഇഷ്ടപ്പെട്ടുതുടങ്ങി - സില്‍വ പറഞ്ഞു.
എന്നാല്‍ സ്പാനിഷ് നഗരത്തില്‍ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്യവേ ജീവിതം കൈവിട്ടുപോയി. സഭയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ജീവിതത്തില്‍ പിഴവുകളുണ്ടായി. തുടര്‍ന്ന് പോര്‍ച്ചുഗലിലെ ജയിലില്‍ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.
ലോക യുവജനദിനം ലിസ്ബണില്‍ നടക്കുമെന്ന് അറിഞ്ഞപ്പോഴും താന്‍ ഏറ്റവും സ്‌നേഹിച്ച മാര്‍പ്പാപ്പയെ കാണാന്‍ കഴിയുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ല. എന്നാല്‍ കുമ്പസാരക്കൂടുകള്‍ നിര്‍മിക്കാനുള്ള ടീമിലെ അഞ്ച് പേരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതോടെ ജീവിതം വീണ്ടും പ്രകാശമയമായി. തെറ്റുകളെയോര്‍ത്ത് പശ്ചാത്തപിക്കാനും ജീവിതം ദൈവ വഴിയിലേക്കു തിരിച്ചുവിടാനുള്ള നിമിത്തമായി കുമ്പസാരക്കൂടുകള്‍ മാറി. ഇത് ദൈവത്തില്‍ നിന്നുള്ള അടയാളമാണെന്നും തനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ കൈവന്ന പുതിയ അവസരമാണെന്നും സില്‍വ തിരിച്ചറിഞ്ഞു.
'ഞാന്‍ ഇപ്പോള്‍ വളരെ സന്തോഷവാനും നന്ദിയുള്ളവനുമാണ്. ആ കുമ്പസാരക്കൂടുകളില്‍ തന്റെയും കൈയ്യൊപ്പുണ്ടെന്നറിയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്'- സില്‍വ പുഞ്ചിരിയോടെ പറഞ്ഞുനിര്‍ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26