വ്യോമാതിര്‍ത്തി ലംഘിച്ച് അമേരിക്കന്‍ ചാരവിമാനങ്ങള്‍; ആവര്‍ത്തിച്ചാല്‍ വെടിവച്ചിടുമെന്ന് ഉത്തര കൊറിയ: മേഖലയില്‍ വീണ്ടും സംഘര്‍ഷം

വ്യോമാതിര്‍ത്തി ലംഘിച്ച് അമേരിക്കന്‍ ചാരവിമാനങ്ങള്‍; ആവര്‍ത്തിച്ചാല്‍ വെടിവച്ചിടുമെന്ന് ഉത്തര കൊറിയ: മേഖലയില്‍ വീണ്ടും സംഘര്‍ഷം

സോള്‍: അമേരിക്കയ്‌ക്കെതിരെ വിമര്‍ശനവും മുന്നറിയിപ്പുമായി ഉത്തര കൊറിയ. വ്യോമാതിര്‍ത്തി ലംഘിക്കുന്ന യു.എസ് ചാരവിമാനങ്ങള്‍ വെടിവച്ചിടുമെന്നാണ് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്.

ഇന്നലെ രാവിലെ ഒരു യു.എസ് ചാരവിമാനം രാജ്യത്തിന്റെ കിഴക്കന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞു.

രാജ്യത്തിന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്തുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളോട് നേരിട്ട് പ്രതികരിക്കുന്നില്ല. എന്നാല്‍ യു.എസ് സൈന്യം സമുദ്ര സൈനിക അതിര്‍ത്തി രേഖ കടന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കിം യോ ജോങ് മുന്നറിയിപ്പ് നല്‍കി.

അമേരിക്കയുടെ പ്രകോപനപരമായ സൈനിക നടപടികള്‍ കൊറിയന്‍ ഉപദ്വീപിനെ ആണവ സംഘര്‍ഷത്തിലേക്ക് അടുപ്പിക്കുമെന്ന് ഉത്തര കൊറിയയുടെ ദേശീയ പ്രതിരോധ മന്ത്രാലയം പിന്നാലെയിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഈ മാസം തന്നെ എട്ട് ദിവസം തുടര്‍ച്ചയായി അമേരിക്കന്‍ ചാരവിമാനങ്ങള്‍ പ്രകോപനം നടത്തി. യു.എസ് വ്യോമ സേനയുടെ തന്ത്ര പ്രധാനമായ നിരീക്ഷണ വിമാനം തകര്‍ത്തത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാമെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.


അതിനിടെ ദക്ഷിണ കൊറിയയിലേക്ക് ആണവായുധ ബാലിസ്റ്റിക് അന്തര്‍വാഹിനി അയയ്ക്കുമെന്ന് അമേരിക്ക ആവര്‍ത്തിച്ചു. വാഷിംഗ്ടണുമായുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നൂതന സ്റ്റെല്‍ത്ത് ജെറ്റുകളും മറ്റുള്ള ചില ആധുനിക യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ദക്ഷിണ കൊറിയ അമേരിക്കയുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം തുടരുന്നത് ഉത്തര കൊറിയയെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്.

ഇന്ന് ലിത്വാനിയയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഉത്തര കൊറിയയുടെ വര്‍ധിച്ചു വരുന്ന ആണവ, മിസൈല്‍ ഭീഷണികള്‍ക്കെതിരെ നാറ്റോ അംഗ രാജ്യങ്ങളുടെ ശക്തമായ സഹകരണം തേടുമെന്ന് അദേഹത്തിന്റെ ഓഫീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.